ബെംഗളൂ: കർണാടക തലസ്ഥാനമായ ബംഗളൂരുവിൽ ഈ വേനൽക്കാലത്ത് വായുനിലവാരം അതീവ ഗുരുതരമായ അവസ്ഥയിലെത്തിച്ചതായി പരിസ്ഥിതി സംഘടനയായ ‘സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ്’ (CSE) നടത്തിയ പഠനം വ്യക്തമാക്കുന്നു. വെറും 71 ദിവസത്തെ നിരീക്ഷണ കാലയളവിനുള്ളിൽ 55 ദിവസവും നഗരത്തിൽ അപകടകരമായ അളവിൽ ഓസോൺ സാന്നിധ്യം രേഖപ്പെടുത്തി. 2026 മാർച്ച് 1 മുതൽ മെയ് 10 വരെയുള്ള കാലയളവിൽ രാജ്യത്തെ 25 പ്രമുഖ നഗരങ്ങളിൽ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പട്ടികയിൽ ഡൽഹിയും (62 ദിവസം) ഭോപാലുമാണ് (60 ദിവസം) ബംഗളൂരുവിന് തൊട്ടുമുന്നിലുള്ളത്.
ദേശീയ അന്തരീക്ഷ വായു ഗുണനിലവാര മാനദണ്ഡം (NAAQS) അനുസരിച്ച് എട്ട് മണിക്കൂർ സമ്പർക്കത്തിനുള്ള സുരക്ഷിത പരിധി 100 മൈക്രോ ഗ്രാം പെർ ക്യൂബിക് മീറ്റർ () ആണ്. എന്നാൽ ബംഗളൂരുവിൽ ഈ 71 ദിവസത്തിൽ 16 ദിവസങ്ങളിലൊഴികെ ബാക്കി എല്ലാ ദിവസങ്ങളിലും ഓസോൺ അളവ് ഈ പരിധിയും ലംഘിച്ച് മുന്നേറി. പണ്ട് പകൽ സമയങ്ങളിൽ മാത്രം ഭീഷണിയായിരുന്ന ഭൂതല ഓസോൺ (Ground-level ozone) ഇപ്പോൾ രാത്രിയിലും നഗരത്തിൽ നിലനിൽക്കുന്നു എന്നതാണ് പുതിയ പ്രതിഭാസം. പഠനകാലയളവിൽ 14 രാത്രികളിൽ സൂര്യാസ്തമയത്തിന് ശേഷവും ഈ വിഷവായുവിന്റെ സാന്നിധ്യം കണ്ടെത്തി. നഗരവാസികൾ ദിവസത്തിൽ ശരാശരി 16 മണിക്കൂറോളം, അതായത് ഒരു ദിവസത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും, വിഷലിപ്തമായ ഈ വായുവാണ് ശ്വസിച്ചുകൊണ്ടിരുന്നത്.
ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നു
തീവ്രമായ ഓക്സിഡേഷൻ ശേഷിയുള്ള വാതകമായതിനാൽ ഓസോൺ ശ്വാസകോശത്തിലെ കോശഭിത്തികളെ തകർക്കുകയും ശ്വാസനാളത്തിൽ വീക്കമുണ്ടാക്കുകയും ചെയ്യുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. പൊടിപടലങ്ങൾ, പൂമ്പൊടി എന്നിവ മൂലമുണ്ടാകുന്ന അലർജികളെ ഇത് രൂക്ഷമാക്കും. അന്തരീക്ഷത്തിലെ ഈ പെട്ടെന്നുള്ള വ്യതിയാനങ്ങൾ കാരണം ആളുകൾ അടിയന്തരമായി ആശുപത്രികളിൽ അഭയം പ്രാപിക്കുന്ന സാഹചര്യം വർധിച്ചിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ഇത് ഹൃദയാഘാതം, പക്ഷാഘാതം, മാറാത്ത ശ്വാസകോശ രോഗമായ സി.ഒ.പി.ഡി (COPD) എന്നിവയ്ക്കും കാരണമാകുന്നു. കഴിഞ്ഞ വേനൽക്കാലത്ത് നഗരത്തിൽ ശ്വാസകോശ വീക്കവും അലർജികളും ബാധിച്ച രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
വരണ്ടതും ചൂടേറിയതുമായ കാലാവസ്ഥ ശ്വാസകോശത്തിലെ ശ്ലേഷ്മസ്തരത്തെ വരണ്ടതാക്കുകയും ചുമ, ശ്വാസംമുട്ടൽ, വിമ്മിഷ്ടം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നുണ്ടെന്ന് പൾമണറി മെഡിസിൻ കൺസൾട്ടന്റ് ഡോ. ശീതൾ ചൗരസ്യ വ്യക്തമാക്കി. ശക്തമായ കാറ്റും പൊടിയും അലർജി രോഗങ്ങൾ വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്.
കടുത്ത ചൂടും മലിനീകരണവും മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നതിനാൽ മുതിർന്ന പൗരന്മാർ, കുട്ടികൾ, വെയിലത്ത് ജോലി ചെയ്യുന്നവർ, മറ്റ് വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇൻഫെക്ഷ്യസ് ഡിസീസ് സീനിയർ കൺസൾട്ടന്റ് ഡോ. സ്വാതി രാജഗോപാൽ ഓർമ്മിപ്പിച്ചു.
ശ്വാസകോശത്തെ മാത്രമല്ല, ചർമ്മത്തിന്റെ ആരോഗ്യത്തെയും ഓസോൺ ബാധിക്കുന്നുണ്ട്. ചർമ്മത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ തകർക്കുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്സ് (Oxidative stress) ഉണ്ടാക്കാൻ ഭൂതല ഓസോണിന് സാധിക്കുമെന്നും, എക്സിമ, റോസേഷ്യ തുടങ്ങിയ ചർമ്മരോഗങ്ങളുള്ളവർക്ക് ഈ സമയത്ത് രോഗലക്ഷണങ്ങൾ കൂടുതൽ കഠിനമാകുമെന്നും ഡെർമറ്റോളജി കൺസൾട്ടന്റ് ഡോ. പ്രിയങ്ക കുരി കൂട്ടിച്ചേർത്തു. വായു മലിനീകരണത്തിനെതിരെ നഗരത്തിൽ അടിയന്തര നടപടികൾ വേണമെന്നാണ് ഈ പഠന റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്.
