ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം

imthiyas

ബെം​ഗളൂരു: ന​ഗരത്തിൽൽ വെച്ച് കാണാതായ താനൂർ സ്വദേശി ഇംതിയാസിനായി (23) അന്വേഷണത്തിൽ വഴിത്തിരിവ് പൊലീസ്. ഇംതിയാസ് മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തി സ്വിഗി (Swiggy) ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ താനൂർ പൊലീസിന്റെ അന്വേഷണ സംഘം ഇന്ന് പുലർച്ചെ രണ്ട് മണിയോടെ നാഗ്പൂരിലെത്തി പ്രാഥമിക പരിശോധനകൾ ആരംഭിച്ചു. പ്രദേശത്തെ കെ.എം.സി.സി പ്രവർത്തകരുടെ സഹകരണത്തോടെ ഇന്നും നാഗ്പൂർ കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജിതമാക്കും.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് നഴ്സിംഗ് പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്നതിനായി ഇംതിയാസ് ബാംഗ്ലൂരിലേക്ക് പോയത്. ബാംഗ്ലൂരിൽ എത്തിച്ചേർന്ന ഉടൻ തന്നെ യുവാവ് നാട്ടിലെ വീട്ടുകാരെ ഫോണിൽ വിളിച്ച് വിവരമറിയിച്ചിരുന്നു. എന്നാൽ അതിനുശേഷം ഇംതിയാസിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിക്കാതെയാവുകയും ഫോൺ സ്വിച്ച് ഓഫ് ആവുകയുമായിരുന്നു. തുടർന്ന് ആശങ്കയിലായ കുടുംബം താനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത താനൂർ പൊലീസ് ഉടൻ തന്നെ ബാംഗ്ലൂരിലെത്തി അന്വേഷണം ആരംഭിച്ചിരുന്നു. പരിശോധനയിൽ ബാംഗ്ലൂർ സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് ഇംതിയാസ് എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങളെ മുൻനിർത്തി സാറ്റലൈറ്റ് ബസ് സ്റ്റാൻഡ്, സമീപത്തെ പാർക്കുകൾ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ തിരച്ചിൽ നടത്തിയെങ്കിലും മറ്റ് സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് യുവാവ് നാഗ്പൂരിലെത്തിയതായും അവിടെ വെച്ച് ഭക്ഷണത്തിനായി ഓൺലൈൻ വഴി ഓർഡർ നൽകിയതായും വ്യക്തമായത്. യുവാവ് സ്വന്തം ഇഷ്ടപ്രകാരം പോയതാണോ അതോ മറ്റെന്തെങ്കിലും കെണിയിൽ പെട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts