ബെംഗളൂരു: പഠനഭാരത്തെത്തുടർന്ന് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐ.ഐ.എസ്.സി) ബി.ടെക് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി. ചിക്കബെല്ലാപ്പുര സ്വദേശിയായ രക്ഷണെയാണ് (19) വ്യാഴാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വർഷമായി ഐ.ഐ.എസ്.സിയിൽ പഠിച്ചുവരികയായിരുന്നു ഇയാൾ.
ഹോസ്റ്റൽ മുറിയിൽ രക്ഷണെയെ തൂങ്ങിയ നിലയിൽ കണ്ട ജീവനക്കാരും സഹപാഠികളും വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് സദാശിവനഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുറിയിൽ നിന്ന് ലഭിച്ച കൈപ്പടയിലുള്ള കുറിപ്പിൽ പഠനസമ്മർദ്ദമാണ് ജീവനൊടുക്കാൻ കാരണമെന്ന് വ്യക്തമാക്കുന്നതായി പോലീസ് പറഞ്ഞു.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ബിസിനസുകാരനായ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സദാശിവനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പരാതിയിൽ മറ്റ് ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. വിദ്യാർത്ഥിയുടെ വേർപാടിൽ ഐ.ഐ.എസ്.സി അധികൃതർ ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
