സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി

ganguli

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ബി.സി.സി.ഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും നേരെ വധഭീഷണി. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് ഗാംഗുലി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. തങ്ങളെയും ഒപ്പമുള്ളവരെയും അപായപ്പെടുത്തുമെന്നാണ് ഭീഷണി കത്തുകളിൽ മുന്നറിയിപ്പുള്ളതെന്ന് ഗാംഗുലി പരാതിയിൽ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച കൊൽക്കത്തയിലെ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സി.എ.ബി) ഓഫീസിൽ രൂക്ഷമായ ഭാഷയിലുള്ള രണ്ട് കത്തുകൾ കൂടി ലഭിച്ചതോടെയാണ് ഗാംഗുലി ദക്ഷിണ കൊൽക്കത്തയിലെ ഠാക്കൂർപുകുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ കൊൽക്കത്ത പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ലഭിച്ച കത്തുകൾ, അവ അയച്ച കൊറിയർ സ്ഥാപനം, സഞ്ചരിച്ച റൂട്ട് എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

കഴിഞ്ഞ ആറുമാസത്തോളമായി ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നുണ്ടായിരുന്നെങ്കിലും തുടക്കത്തിൽ ഗാംഗുലി ഇത് കാര്യമായി എടുത്തിരുന്നില്ല. എന്നാൽ തിങ്കളാഴ്ച വധഭീഷണിയടങ്ങിയ കത്തുകൾ കൂടി വന്നതോടെയാണ് വിഷയം പൊലീസിന് മുന്നിലെത്തിച്ചത്. വടക്കൻ 24 പർഗാനാസ് ജില്ലയിലെ ബെൽഘറിയയിൽ നിന്നാണ് കത്തുകൾ അയച്ചിരിക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച സൂചന.

സന്ദേശം അയക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പറും സിം കാർഡിന്റെ ലൊക്കേഷനും കേന്ദ്രീകരിച്ച് സൈബർ വിഭാഗവും പരിശോധന നടത്തുന്നുണ്ട്. സംശയ നിഴലിലുള്ള കൊറിയർ ഏജൻസി ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. എല്ലാ കത്തുകളും ഒരാൾ തന്നെ അയച്ചതാണോ എന്നും ഇതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്നും പൊലീസ് പരിശോധിച്ച് വരികയാണ്. കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts