ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

ബെംഗളൂരു: സംസ്ഥാനത്ത് ബൈക്ക് ടാക്‌സി സർവീസുകൾക്ക് അനുമതി നൽകാനാവില്ലെന്ന് കർണാടക സർക്കാരും ഗതാഗത വകുപ്പും സുപ്രീം കോടതിയെ അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സർക്കാർ, വാണിജ്യ ആവശ്യങ്ങൾക്കായി ഇരുചക്രവാഹനങ്ങൾ ടാക്‌സികളായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിച്ചു. യാത്രക്കാരുടെ സുരക്ഷയും താൽപ്പര്യ സംരക്ഷണവും മുൻനിർത്തിയാണ് സർക്കാരിന്റെ ഈ നിർണായക നീക്കം.

ബൈക്ക് ടാക്‌സികളിൽ സഞ്ചരിക്കുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളോ ഔദ്യോഗിക ഇൻഷുറൻസ് പരിരക്ഷയോ ലഭിക്കുന്നില്ലെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന റോഡപകടങ്ങളുടെയും മരണങ്ങളുടെയും നിരക്ക് വർദ്ധിച്ചുവരുന്നതും കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ‘ബൈക്ക് ടാക്‌സി’ എന്ന പദത്തിന് ഔദ്യോഗിക നിർവചനമോ നിയന്ത്രണങ്ങളോ ഇല്ലെന്നതും ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ നടപടി.

നിയമപോരാട്ടം ഒരുവശത്ത് തുടരുമ്പോഴും ബെംഗളൂരു നഗരത്തിൽ അനധികൃതമായി സർവീസ് നടത്തുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ ഗതാഗത വകുപ്പും ആർ.ടി.ഒയും പരിശോധന ശക്തമാക്കി. ഒലാ, ഉബർ, റാപ്പിഡോ തുടങ്ങിയ ആപ്പുകൾ വഴി സർവീസ് നടത്തുന്ന വാഹനങ്ങളെ ലക്ഷ്യമിട്ട് രൂപീകരിച്ച 11 പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സംഘങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി നഗരത്തിലുടനീളം വ്യാപക തിരച്ചിലാണ് നടത്തുന്നത്.

കോറമംഗല ആർ.ടി.ഒ മേഖലയിൽ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇന്ന് മാത്രം 85-ലധികം ബൈക്ക് ടാക്‌സികൾ പിടിച്ചെടുത്തു. ഇന്നലെ നടപ്പിലാക്കിയ മിന്നൽ പരിശോധനയിൽ 256 ബൈക്കുകൾ പിടിച്ചെടുത്തിരുന്നു. വെറും രണ്ട് ദിവസത്തിനുള്ളിൽ നൂറുകണക്കിന് ബൈക്കുകൾ കസ്റ്റഡിയിലെടുത്ത ഗതാഗത വകുപ്പ്, അനധികൃത സർവീസുകൾ തുടർന്നാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് കമ്പനികൾക്കും ഡ്രൈവർമാർക്കും മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts