മുംബൈ: മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്ന നായകനും ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യയുടെ ഐപിഎൽ ഭാവിയിൽ പുതിയ വഴിത്തിരിവുകൾ. പുതിയ സീസണിന് മുന്നോടിയായി ഹാർദിക് ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുമായി ചർച്ച നടത്തിവരുന്നതായാണ് റിപ്പോർട്ടുകൾ. തന്റെ മുൻ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിലേക്ക് മടങ്ങാൻ താരം താല്പര്യം കാണിച്ചിരുന്നെങ്കിലും ക്യാപ്റ്റൻ സ്ഥാനം ആവശ്യപ്പെട്ടതോടെ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു.
ഹാർദിക്കിനെ തിരികെ ടീമിലെത്തിക്കുന്നതിനെക്കുറിച്ച് ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്റ് നിലവിലെ നായകൻ ശുഭ്മാൻ ഗില്ലുമായി ആശയവിനിമയം നടത്തിയിരുന്നു. ഹാർദിക് മടങ്ങിയെത്തുന്നതിൽ ഗില്ലിന് എതിർപ്പുണ്ടായിരുന്നില്ലെങ്കിലും, നായകസ്ഥാനം നൽകണമെന്ന ഹാർദിക്കിന്റെ കർശന നിലപാടാണ് ചർച്ചകൾ അവസാനിപ്പിക്കാൻ ഗുജറാത്തിനെ പ്രേരിപ്പിച്ചത്. നിലവിൽ ഗില്ലിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാൽ ക്യാപ്റ്റനെ മാറ്റാൻ മാനേജ്‌മെന്റ് തയ്യാറായില്ല. 2022-ൽ ഗുജറാത്ത് ടൈറ്റൻസിനെ കന്നി സീസണിൽത്തന്നെ കിരീടത്തിലേക്ക് നയിക്കുകയും തൊട്ടടുത്ത വർഷം ഫൈനലിൽ എത്തിക്കുകയും ചെയ്ത നായകനാണ് ഹാർദിക്.
അതേസമയം, ഈ വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഹാർദിക് പാണ്ഡ്യയുടെ വക്താവ് വ്യക്തമാക്കി. ഹാർദിക് നേരിട്ട് ഒരു ഫ്രാഞ്ചൈസിയുമായും ചർച്ചകൾ നടത്തിയിട്ടില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ട്രാൻസ്ഫർ നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് മുംബൈ ഇന്ത്യൻസ് വഴിയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രോഹിത് ശർമ്മയ്ക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി ചുമതലയേറ്റതു മുതൽ ആരാധകരിൽ നിന്ന് വലിയ പ്രതിഷേധമാണ് ഹാർദിക്കിന് നേരിടേണ്ടി വന്നത്. തുടർന്നുള്ള തിരിച്ചടികൾക്കൊടുവിൽ 2026 ഐപിഎൽ സീസണിൽ 14 മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രം ജയിച്ച് ഒമ്പതാം സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്. ഇതോടെ പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റാൻ മുംബൈ നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഹാർദിക് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ ഒഴിവാക്കി ടീം പൂർണ്ണമായി പുനഃസംഘടിപ്പിക്കാനാണ് മുംബൈ ഇന്ത്യൻസിന്റെ തീരുമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]