14 വയസ്സുകാരി ഇരയായ കേസ് അട്ടിമറിക്കാൻ ശ്രമം; ഹണിട്രാപ്പ് വീഡിയോ വിവാദത്തിൽ ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം

ബെംഗളൂരു: രാഷ്ട്രീയക്കാരും അഭിഭാഷകരും മാധ്യമപ്രവർത്തകരും ഉൾപ്പെട്ട ഉയർന്ന തലത്തിലുള്ള ബന്ധം ഉപയോഗിച്ച് 14 വയസ്സുകാരി ഉൾപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കർണാടക ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവാദപരമായ ‘ഹണിട്രാപ്പ്’ വീഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി ‘നൈജ പോരാട്ടഗാര വേദി’ നേതാവ് എച്ച്.എം. വെങ്കിടേഷാണ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി ചെയർമാൻ, കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ എന്നിവർക്ക് കത്ത് അയച്ചത്.

2011-ൽ ഒരു 14 വയസ്സുകാരി ഇരയായ കേസ് നിയമപരമായി എങ്ങനെ നേരിടണം, കേസ് ഒത്തുതീർപ്പാക്കണം തുടങ്ങിയ കാര്യങ്ങൾ പ്രമുഖ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും അഭിഭാഷകരും ചേർന്ന് ചർച്ച ചെയ്യുന്നതാണ് പ്രചരിക്കുന്ന യൂട്യൂബ് വീഡിയോയിലുള്ളത്. ഇരയായ പെൺകുട്ടി ഇപ്പോൾ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന് സംഭാഷണത്തിൽ പറയുന്നുണ്ട്. കൂടാതെ മുൻ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മീഷൻ ഭാരവാഹിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയുള്ള ലൈംഗികാതിക്രമം ഏത് കാലത്ത് നടന്നതാണെങ്കിലും ഒത്തുതീർപ്പാക്കാൻ കഴിയാത്ത ഗുരുതരമായ കുറ്റകൃത്യമാണെന്ന് വെങ്കിടേഷ് നിവേദനത്തിൽ വ്യക്തമാക്കുന്നു.

ഇത്തരം സംഭവങ്ങൾ മറച്ചുവെക്കാനും ഒത്തുതീർപ്പാക്കാനും ബ്ലാക്ക് മെയിലിംഗിനായി ഉപയോഗിക്കാനും ശ്രമിക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട്, ഭാരതീയ ന്യായ സംഹിത എന്നിവയുടെ നഗ്നമായ ലംഘനമാണ്. ഉയർന്ന സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ സാധാരണ പ്രാദേശിക പോലീസ് അന്വേഷണം കാര്യക്ഷമമാകില്ലെന്നും അതിനാൽ ഹൈക്കോടതിയുടെയോ സുപ്രീം കോടതിയുടെയോ നേരിട്ടുള്ള മേൽനോട്ടത്തിൽ നിഷ്പക്ഷവും ഉന്നതതലത്തിലുമുള്ള അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ ഇരയുടെയും കുടുംബത്തിന്റെയും സ്വകാര്യത സംരക്ഷിക്കാനും അവർക്ക് നിയമസഹായം ഉറപ്പാക്കാനും നിർദ്ദേശമുണ്ട്.

വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിയ പ്രമുഖ വനിതാ-ജുവനൈൽ അവകാശ പ്രവർത്തായിക അഞ്ജലി രാമണ്ണ, സ്വാധീനമുള്ളവർ ഉൾപ്പെടുന്ന പോക്സോ കേസുകളിൽ നീതിന്യായ വ്യവസ്ഥ കർശനമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇത്തരം മാഫിയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ കോടതിയുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടാകേണ്ടതുണ്ടെന്നും ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നിലനിർത്താൻ നിയമം എല്ലാവർക്കും തുല്യമായി നടപ്പിലാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts