ബെംഗളൂരു: സംസ്ഥാനത്ത് ഗുട്ക, പാൻ മസാല എന്നിവയുൾപ്പെടെ പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിതരണം, ഗതാഗതം, വിൽപ്പന എന്നിവ കർണാടക സർക്കാർ പൂർണമായി നിരോധിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് സെക്ഷൻ 30(2)(എ), 2011-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (പ്രൊഹിബിഷൻ ആൻഡ് റെസ്ട്രിക്ഷൻസ് ഓൺ സെയിൽസ്) റെഗുലേഷൻ 2.3.4 എന്നിവ പ്രകാരം 2026 ജൂൺ 15-നാണ് കർണാടക ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏത് പേരിൽ അറിയപ്പെട്ടാലും, അന്തിമ ഉൽപ്പന്നത്തിൽ പുകയിലയോ നിക്കോട്ടിനോ അടങ്ങിയിട്ടുണ്ടെങ്കിൽ അത്തരം എല്ലാ ഉൽപ്പന്നങ്ങൾക്കും ഈ വിലക്ക് ബാധകമായിരിക്കും.
പാക്കറ്റുകളിലാക്കിയതും അല്ലാത്തതുമായ ഉൽപ്പന്നങ്ങൾക്ക് നിരോധനം ബാധകമാണ്. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കൂട്ടിക്കലർത്താൻ പാകത്തിൽ വേവ്വേറെ പാക്ക് ചെയ്ത് വിൽക്കുന്ന പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങളെയും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാഷെകൾ, പൗച്ചുകൾ, മറ്റ് പാക്കറ്റുകൾ എന്നിവയിൽ ലഭ്യമാകുന്ന എല്ലാത്തരം ഗുട്ക, പാൻ മസാല ഉൽപ്പന്നങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്.
ഓഫീസ് പരിസരങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ കർണാടക സർക്കാർ സ്വന്തം ജീവനക്കാർക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻകാലങ്ങളിൽ നടപ്പിലാക്കിയ ഗുട്ക നിരോധനം നിരവധി ആളുകളെ പുകയില ഉപയോഗ ശീലത്തിൽ നിന്ന് മുക്തരാക്കാൻ സഹായിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) പഠനങ്ങൾ വ്യക്തമാക്കുന്നു. വിജ്ഞാപനം പുറത്തിറങ്ങിയ തീയതി മുതൽ ഒരു വർഷത്തേക്ക് സംസ്ഥാനത്തുടനീളം ഈ ഉത്തരവ് പ്രാബല്യത്തിൽ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]