ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് കടുത്ത ജാഗ്രത പുലർത്തേണ്ടിയിരുന്ന ബംഗളൂരുവിലെ അണ്ടർപാസ് നിർമ്മാണ സ്ഥലത്തുണ്ടായ വൻ അപകടത്തിൽ കരാറുകാരുടെയും എഞ്ചിനീയർമാരുടെയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി അഗ്നിരക്ഷാസേന. തിങ്കളാഴ്ച നഗരത്തിൽ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ നിർമ്മാണ ജോലികൾ കുറച്ചു ദിവസത്തേക്ക് നിർത്തിവെക്കേണ്ടതായിരുന്നുവെന്നും, നിർമ്മാണ ഏജൻസിയുടെ അശ്രദ്ധയാണ് ദുരന്തത്തിന് വഴിവെച്ചതെന്നും മുതിർന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
മഴയെത്തുടർന്ന് കുതിർന്ന മണ്ണ് തുടർച്ചയായി ഇടിഞ്ഞുവീണത് ചൊവ്വാഴ്ച നടന്ന രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. അപകട സ്ഥലത്ത് കുടുങ്ങിക്കിടന്ന തൊഴിലാളികളെ പുറത്തെടുക്കാൻ അഗ്നിരക്ഷാസേന എത്തിയപ്പോഴും വൻതോതിൽ മണ്ണിടിച്ചിൽ തുടരുകയായിരുന്നു. മണ്ണ് മാറ്റി ആഴത്തിലേക്ക് ഇറങ്ങുന്നത് രക്ഷാപ്രവർത്തകരുടെ ജീവനും ഭീഷണിയായതോടെ അതീവ ജാഗ്രതയോടെയാണ് പ്രവർത്തനങ്ങൾ നടത്തിയത്. അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം ഒന്നര മണിക്കൂറിലേറെ സമയമെടുത്താണ് പുറത്തെടുക്കാൻ സാധിച്ചത്.
വർഷകാലത്ത് മണ്ണും സംരക്ഷണ ഭിത്തികളും ഇടിഞ്ഞുവീഴുന്നത് തടയാൻ സ്വീകരിക്കേണ്ട പ്രാഥമിക സുരക്ഷാ മുൻകരുതലുകൾ പോലും പാലിക്കാതെയാണ് നിർമ്മാണം തുടർന്നത്. സംഭവത്തെത്തുടർന്ന് നഗരത്തിലെ നിർമ്മാണ സ്ഥലങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങളും അമർഷവും ഉയർന്നിട്ടുണ്ട്.
രക്ഷകരായി പ്രദേശവാസികൾ
അപകടം നടന്നയുടൻ സമീപത്തുള്ള കടക്കാരും പ്രദേശവാസികളുമാണ് ആദ്യമായി രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയത്. അപകടവിവരമറിഞ്ഞ് അഞ്ഞൂറിലധികം ആളുകൾ സംഭവസ്ഥലത്ത് തടിച്ചുകൂടി. അഗ്നിരക്ഷാസേനയെ വിവരമറിയിക്കുന്നതിന് മുമ്പ് തന്നെ നാട്ടുകാർ സ്വന്ത നിലയിൽ തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിച്ചിരുന്നതായി ദൃക്‌സാക്ഷിയായ രാഘവേന്ദ്ര ഗുരു എന്ന ഓട്ടോ ഡ്രൈവർ പറഞ്ഞു. എന്നാൽ അപകടമേഖല അതീവ അപകടകരമായതിനാലും ഏറെ ആഴത്തിലായിരുന്നതിനാലും രക്ഷാപ്രവർത്തനം അസാധ്യമാകുകയായിരുന്നു. അപകടം നടന്ന് ഏകദേശം 45 മിനിറ്റുകൾക്ക് ശേഷമാണ് ഫയർഫോഴ്‌സിൽ വിവരമറിയിക്കാൻ കഴിഞ്ഞത്.
നിർമ്മാണ സ്ഥലത്ത് മണ്ണുമാന്തി യന്ത്രങ്ങൾ ലഭ്യമായിരുന്നെങ്കിലും കുഴിയുടെ ആഴം കാരണം അവയൊന്നും താഴേക്ക് എത്തിക്കാൻ സാധിച്ചില്ലെന്നും നാട്ടുകാർ പുറത്തുനിന്ന് സാധ്യമായ സഹായങ്ങൾ ചെയ്യുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ കൂട്ടിച്ചേർത്തു. അതേസമയം, അപകടനില നിലനിൽക്കെ എത്തിയ ചിലർ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് സമീപത്തെ തട്ടുകട ഉടമയായ മഞ്ചുനാഥ് ഗുഡൂർ വേദനയോടെ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]