അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

ബംഗളൂരു: പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്ന മുൻ ഹാസൻ എം.പി പ്രജ്വൽ രേവണ്ണ ബംഗളൂരു സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ കൈവശം വെച്ച് ഉപയോഗിച്ചതായി കണ്ടെത്തൽ. കഴിഞ്ഞ ചൊവ്വാഴ്ച സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് സംഭവം പുറത്തുവന്നതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. കർണാടകയിലെ ഏറ്റവും വലിയ ജയിൽ സമുച്ചയത്തിൽ സ്വാധീനമുള്ള തടവുകാർക്ക് ഇപ്പോഴും വി.ഐ.പി പരിഗണന ലഭിക്കുന്നുണ്ടെന്ന ആരോപണം ഈ സംഭവത്തോടെ വീണ്ടും ശക്തമായിട്ടുണ്ട്.

ഉച്ചകഴിഞ്ഞ് സി.സി.ബി ഉദ്യോഗസ്ഥർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ശിക്ഷാതടവുകാരനായ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തത്. എന്നാൽ ഇയാൾ ഉപയോഗിച്ച ഫോണിന്റെ ബ്രാൻഡും മറ്റ് വിശദാംശങ്ങളും നിലവിൽ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പപ്പന അഗ്രഹാര പോലീസ് സ്റ്റേഷനിൽ പരാതി നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക പരാതി ലഭിച്ചാലുടൻ കൂടുതൽ അന്വേഷണവും നിയമനടപടികളും ആരംഭിക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതിസുരക്ഷാ മേഖലയായ ജയിലിനുള്ളിൽ ഉയർന്ന പ്രൊഫൈലുള്ള ഒരു തടവുകാരൻ നിരോധിത ഉപകരണമായ മൊബൈൽ ഫോൺ കൈവശം വെച്ചത് വലിയ സുരക്ഷാവീഴ്ചയാണെന്ന് പോലീസ് വിലയിരുത്തുന്നു. ഇയാൾക്ക് ഫോൺ എങ്ങനെ ലഭ്യമായി എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

2019 മുതൽ 2023 വരെ ഹാസൻ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച ജെ.ഡി.എസ് (ജെഡിഎസ്) നേതാവ് പ്രജ്വൽ രേവണ്ണയെ (36) ലൈംഗികപീഡനക്കേസിലാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒന്നിലധികം സ്ത്രീകളെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മുൻപ് പുറത്തുവന്നത് വലിയ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് കോൺഗ്രസ് സർക്കാർ കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കുകയായിരുന്നു. പപ്പന അഗ്രഹാരയിലെ ബംഗളൂരു സെൻട്രൽ ജയിലിൽ പണവും സ്വാധീനവുമുള്ള തടവുകാർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന ആരോപണം മുൻപും ഉയർന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts