മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ കടുത്ത വിമർശനങ്ങളുമായി യൂട്യൂബറും മുൻ ബിഗ് ബോസ് താരവുമായ സായ് കൃഷ്ണ (സീക്രട്ട് ഏജന്റ്) രംഗത്തെത്തി. സാമ്പത്തിക ആരോപണങ്ങൾക്കും പ്രചരിക്കുന്ന ശബ്ദരേഖകൾക്കും മറുപടിയായി റോബിൻ അടുത്തിടെ വാർത്താസമ്മേളനം നടത്തിയിരുന്നു. തനിക്കെതിരെ പ്രചരിക്കുന്ന ശബ്ദരേഖകൾ വ്യാജമാണെന്നും വേദ് ലക്ഷ്മി, കേരള ഫാഷൻ ലീഗ് ഉടമ അഭിൽ ദേവ് എന്നിവർ ചേർന്ന് തന്റെ രാഷ്ട്രീയ ഭാവി തകർക്കാനും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കാനും ശ്രമിക്കുകയാണെന്നുമായിരുന്നു റോബിന്റെ ആരോപണം. എന്നാൽ റോബിന്റെ ഈ വാദങ്ങളെ പൂർണമായും തള്ളിക്കളഞ്ഞാണ് സായ് കൃഷ്ണ പുതിയ വീഡിയോയിലൂടെ പ്രതികരിച്ചത്.
സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലായിരുന്ന സമയത്ത് റോബിനെ കൈയയച്ച് സഹായിച്ച അഭിൽ ദേവിനെ റോബിൻ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് സായ് കൃഷ്ണ വെളിപ്പെടുത്തി. ബിഗ് ബോസിന് ശേഷം പ്രശസ്തിയുടെ കൊടുമുടിയിലായിരുന്ന റോബിന് പിന്നീട് ഉദ്ഘാടനങ്ങളും പ്രമോഷനുകളും കുറഞ്ഞതോടെ വലിയ സാമ്പത്തിക തകർച്ച നേരിടേണ്ടിവന്നു. ആഡംബര ജീവിതശൈലി, രാഷ്ട്രീയ പ്രവേശനം, അമ്മയുടെ ചെലവേറിയ ചികിത്സ എന്നിവ കാരണം വലിയ കടബാധ്യതയിലായ കാര്യം റോബിൻ തന്നെ നേരിട്ട് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സായ് കൃഷ്ണ വ്യക്തമാക്കി.
റോബിന്റെ അമ്മയ്ക്ക് സുഖമില്ലാതിരുന്ന സങ്കീർണ്ണമായ ഘട്ടത്തിൽ സഹായിക്കാൻ മറ്റാരുമില്ലാതിരുന്നപ്പോഴാണ് അഭിൽ ദേവ് സാമ്പത്തിക സഹായം നൽകിയത്. അഭിലിന് റോബിൻ ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ടെന്നത് യാഥാർഥ്യമാണെന്നും വാഗ്ദാനം ചെയ്ത സമയത്ത് തുക തിരിച്ചുനൽകിയില്ലെന്നും സായ് കൃഷ്ണ പറഞ്ഞു. അഭിലിന് പുറമെ മറ്റ് പല വ്യക്തികളിൽ നിന്നും റോബിൻ ഇത്തരത്തിൽ പണം വാങ്ങിയിട്ടുണ്ടെന്നും എന്നാൽ അവരുടെ പേരുകൾ ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും സായ് കൂട്ടിച്ചേർത്തു. പണം വാങ്ങുന്ന സമയത്ത് അഭിലിനെ ‘ദൈവം’ എന്ന് വിശേഷിപ്പിച്ച റോബിൻ, പിന്നീട് അയാളെ അധിക്ഷേപിക്കുകയും അധിക്ഷേപകരമായ രീതിയിൽ സംസാരിക്കുകയും ചെയ്തതിനെ സായ് കൃഷ്ണ ശക്തമായി അപലപിച്ചു. അഭിലിന്റെ അന്തരിച്ച അമ്മയെക്കുറിച്ച് റോബിൻ മോശമായി സംസാരിക്കുന്ന ശബ്ദരേഖ കേട്ടപ്പോൾ അറപ്പ് തോന്നിയെന്നും സഹായിച്ചയാളോട് കുറച്ചെങ്കിലും നന്ദി കാണിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പണ്ടത്തെ പ്രശസ്തി ഓർത്ത് ഇരിക്കാതെ, സോഷ്യൽ മീഡിയയിൽ അധ്വാനിച്ച് പുതിയ കണ്ടന്റുകൾ ചെയ്ത് സ്വന്തം സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ റോബിൻ തയ്യാറാകണമെന്ന് സായ് കൃഷ്ണ ഉപദേശിച്ചു. താനും റോബിനും തമ്മിലുണ്ടായിരുന്ന പണമിടപാടുകൾ നിലവിൽ ക്ലിയർ ആയിട്ടുണ്ടെന്ന് വ്യക്തമാക്കിയ സായ് കൃഷ്ണ, അഭിൽ ദേവിന് നൽകാനുള്ള വലിയ തുക എത്രയും വേഗം തിരികെ നൽകാൻ റോബിൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് തന്റെ പ്രതികരണം അവസാനിപ്പിച്ചത്.
