മാണ്ഡ്യ: ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന സംശയത്തെത്തുടർന്ന് കർണാടകയിലെ മാണ്ഡ്യ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസ് ഹിന്ദു സംഘടനാ പ്രവർത്തകർ തടഞ്ഞുനിർത്തി. ബെംഗളൂരുവിൽ നിന്ന് മടിക്കേരിയിലേക്ക് പോവുകയായിരുന്ന ബസാണ് ഞായറാഴ്ച തടഞ്ഞത്. ബസിലുണ്ടായിരുന്ന മുപ്പതോളം യാത്രക്കാർ ബംഗ്ലാദേശ് പൗരന്മാരാണെന്ന് ആരോപിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
വിവരമറിഞ്ഞ് പൊലീസും തഹസിൽദാരും അടക്കമുള്ള ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. കുടകിലെ കാപ്പിത്തോട്ടത്തിൽ ജോലിക്കായി പോവുകയായിരുന്ന അസം സ്വദേശികളായ തൊഴിലാളികളാണ് ഇവർ എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. തുടർന്ന് യാത്രക്കാരെ മുഴുവൻ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ പൊലീസ്, ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ വിശദമായി പരിശോധിച്ചു വരികയാണ്.
