തൃശൂർ: മഹാരാഷ്ട്രയിൽ നടന്ന സി.ബി.എസ്.ഇ സൗത്ത് സോൺ തായ്‌കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് മലയാളി വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ കുടുംബം. തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫൈസ് അബ്ദുൾ ജലാലിനാണ് (17) മത്സരത്തിനിടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റത്. അബോധാവസ്ഥയിലായ ഫൈസിനെ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഈ മാസം മൂന്നിന് വൈകിട്ട് മഹാരാഷ്ട്രയിലെ നാഗപ്പൂർ ചന്ദ്രപൂരിൽ വെച്ചായിരുന്നു സംഭവം. മത്സരസമയത്ത് സുരക്ഷാ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും തലയ്‌ക്കേറ്റ ശക്തമായ പ്രഹരത്തിൽ തലച്ചോറിൽ രക്തം കട്ടപിടിക്കുകയായിരുന്നു. തുടർന്ന് നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശേഷം കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതോടെ എയർ ആംബുലൻസിലാണ് കുട്ടിയെ കൊച്ചിയിലെത്തിച്ചത്. നിലവിൽ ന്യൂറോ സർജറി വിഭാഗം ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുന്ന ഫൈസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു.
അതേസമയം, മത്സരം നിയന്ത്രിക്കുന്നതിൽ റഫറിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചു. ഫൈസ് മത്സരത്തിൽ നിന്ന് പിൻവാങ്ങിയ ശേഷമാണ് എതിരാളി തലയിൽ കിക്ക് ചെയ്തതെന്ന് കുട്ടിയുടെ പിതൃസഹോദരൻ മുജീബ് പറഞ്ഞു. മത്സരത്തിനിടെ എതിരാളി ഫൈസിന്റെ ജനനേന്ദ്രിയത്തിൽ കിക്ക് ചെയ്തപ്പോഴും ആദ്യ ഫൗളിൽ റഫറി ഇടപെട്ടില്ല. മത്സരാർത്ഥികൾക്കൊപ്പം രണ്ട് മീറ്ററിനുള്ളിൽ റഫറി ഉണ്ടാവണമെന്ന ചട്ടമടക്കം ലംഘിക്കപ്പെട്ടതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടി. റഫറിയുടെ അനാസ്ഥയ്ക്കും നിരുത്തരവാദപരമായ സമീപനത്തിനുമെതിരെ ഫൈസിന്റെ മാതാപിതാക്കൾ സി.ബി.എസ്.ഇ ചെയർമാന് പരാതി നൽകിയിട്ടുണ്ട്. കുട്ടിക്ക് നീതി ലഭിക്കുന്നതിനായി ശക്തമായ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് കുടുംബം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]