ബെംഗളൂരു: സ്വന്തമായുള്ള ഒഴിഞ്ഞ സ്ഥലങ്ങൾ പൊതു പാർക്കിംഗ് കേന്ദ്രങ്ങളാക്കി മാറ്റാൻ തയ്യാറാകുന്ന ഭൂവുടമകൾക്ക് 35 വർഷം വരെ സ്വത്ത് നികുതിയിൽ (Property tax) ഇളവ് നൽകാൻ ബെംഗളൂരുവിൽ പുതിയ പദ്ധതി വരുന്നു. നഗരത്തിലെ റോഡരികുകളിലെ പാർക്കിംഗ് നിയന്ത്രിക്കാനും കൂടുതൽ ചെലവേറിയതാക്കാനും ലക്ഷ്യമിട്ട് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും (GBA) സിറ്റി ട്രാഫിക് പോലീസും ചേർന്ന് പുതിയ പാർക്കിംഗ് നയത്തിന് രൂപം നൽകുകയാണ്.
ഗ്രേറ്റർ ബെംഗളൂരു ഏരിയ പാർക്കിംഗ് ചട്ടങ്ങൾ-2026 അന്തിമമാക്കുന്നതിനായി നഗരവികസന വകുപ്പ് തിങ്കളാഴ്ച ഉന്നതതല യോഗം ചേർന്നു. ഈ നിയമങ്ങളുടെ വിശദാംശങ്ങൾ കൃത്യമാക്കിയ ശേഷം പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടുന്നതിനായി സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിക്കും. എല്ലാ വകുപ്പുകളുമായും പ്രാഥമിക ചർച്ചകൾ കഴിഞ്ഞതായും നിർദ്ദേശങ്ങളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും ജി.ബി.എ ചീഫ് കമ്മീഷണർ എം. മഹേശ്വർ റാവു വ്യക്തമാക്കി.
കരട് നിയമപ്രകാരം, ഒഴിഞ്ഞുകിടക്കുന്ന ഭൂമി വെറുതെയിടാതെ പൊതു പാർക്കിംഗിനായി വിട്ടുനൽകാൻ സ്വകാര്യ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്ന വലിയൊരു പദ്ധതിക്കാണ് ജി.ബി.എ തുടക്കമിടുന്നത്. നിർമ്മിക്കുന്ന പാർക്കിംഗ് കേന്ദ്രത്തിന്റെ വലിപ്പവും ശേഷിയും അനുസരിച്ചായിരിക്കും നികുതിയിളവിന്റെ കാലാവധി നിശ്ചയിക്കുക. സ്ഥലം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ ഭൂവുടമകൾക്ക് കൂടുതൽ ലാഭം ലഭിക്കുമെന്നതിനാലാണ് ഇത്തരമൊരു നികുതിയിളവ് സർക്കാർ മുന്നോട്ട് വെക്കുന്നത്. അതേസമയം, വാഹനങ്ങളിൽ നിന്ന് ഈടാക്കേണ്ട പാർക്കിംഗ് ഫീസ് നിരക്ക് ഈ നയത്തിൽ നിജപ്പെടുത്തിയിട്ടില്ല.
പുതിയ നിർദ്ദേശപ്രകാരം, കുറഞ്ഞത് 200 കാറുകളെങ്കിലും പാർക്ക് ചെയ്യാൻ ശേഷിയുള്ള ഓട്ടോമേറ്റഡ് പാർക്കിംഗ് സംവിധാനം നിർമ്മിക്കുന്നവർക്ക് 35 വർഷത്തെ സ്വത്ത് നികുതിയിളവ് ലഭിക്കും. ഇതേ ശേഷിയുള്ള മൾട്ടി ലെവൽ പാർക്കിംഗ് കെട്ടിടങ്ങൾക്ക് 25 വർഷത്തെയും, ചെറിയ മൾട്ടി ലെവൽ അല്ലെങ്കിൽ ഓട്ടോമേറ്റഡ് പാർക്കിംഗുകൾക്ക് 15 വർഷത്തെയും ഇളവ് ലഭിക്കുമ്പോൾ സാധാരണ നിലത്തുണ്ടാക്കുന്ന പാർക്കിംഗ് സ്ഥലങ്ങൾക്ക് 5 വർഷത്തെ ഇളവാണ് ലഭിക്കുക. ഈ കാലാവധി കഴിഞ്ഞാൽ ഭൂവുടമകൾ സർവീസ് ചാർജ് മാത്രം ഒടുക്കിയാൽ മതിയാകും.
എന്നാൽ ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ചില നിബന്ധനകളുണ്ട്. പാർക്കിംഗ് കേന്ദ്രം വർഷത്തിൽ കുറഞ്ഞത് 250 ദിവസവും ദിവസേന 12 മണിക്കൂറും പ്രവർത്തിക്കണം. തത്സമയ പാർക്കിംഗ് വിവരങ്ങൾ ജി.ബി.എയുമായി പങ്കുവെക്കുകയും വേണം. ഈ സ്ഥലം പൂർണ്ണമായും പൊതു പാർക്കിംഗിന് മാത്രമായിരിക്കണം; വാണിജ്യ-താമസ ആവശ്യങ്ങൾക്കായി ഇടകലർത്തി ഉപയോഗിച്ചാൽ ആനുകൂല്യം ലഭിക്കില്ല.
നഗരത്തിലുടനീളം സൗജന്യ പൊതു പാർക്കിംഗ് അവസാനിപ്പിക്കാനും പുതിയ നയം ശുപാർശ ചെയ്യുന്നുണ്ട്. സൈക്കിളുകൾക്കും നിശ്ചിത ഓട്ടോറിക്ഷ സ്റ്റാൻഡുകൾക്കും മാത്രമായിരിക്കും ഇനി സൗജന്യ പാർക്കിംഗ്. തിരക്കേറിയ കാറ്റഗറി-എ റോഡുകളിൽ കാറുകൾക്ക് മണിക്കൂറിന് കുറഞ്ഞത് 80 രൂപയെങ്കിലും പാർക്കിംഗ് ഫീസ് ഈടാക്കും.
ഇതുകൂടാതെ, സ്വന്തം വീടിന് മുന്നിലെ റോഡിൽ വണ്ടി പാർക്ക് ചെയ്യുന്നതിനും റസിഡൻഷ്യൽ പെർമിറ്റ് എടുക്കേണ്ടി വരും. ഹാച്ച്ബാക്ക് കാറുകൾക്ക് പ്രതിവർഷം 15,000 രൂപയും, സെഡാനുകൾക്ക് 20,000 രൂപയും, എസ്‌യുവികൾക്ക് (SUV) 25,000 രൂപയുമാണ് പെർമിറ്റ് ഫീസായി നിർദ്ദേശിച്ചിരിക്കുന്നത്. സന്ദർശകരുടെ വാഹനങ്ങൾക്കും പാർക്കിംഗ് ചാർജ് നൽകേണ്ടി വരും.
മെട്രോ, സബർബൻ റെയിൽവേ സ്റ്റേഷനുകളുടെ 150 മീറ്റർ ചുറ്റളവിൽ റോഡരികിലെ പാർക്കിംഗ് പൂർണ്ണമായും നിരോധിക്കും. പിന്നീട് ഇത് 500 മീറ്ററായി ഉയർത്തും. പ്രധാന റോഡുകളിൽ പാർക്കിംഗ് ലംഘനങ്ങൾ കർശനമായി നേരിടാൻ ‘നോ ടോളറൻസ് സോണുകൾ’ സ്ഥാപിക്കും. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് നോട്ടീസ് നൽകാനും അവ ക്ലാംപ് ചെയ്യാനും ടോവിംഗ് വാനുകളിൽ കെട്ടിവലിക്കാനും പാർക്കിംഗ് ഓപ്പറേറ്റർമാർക്ക് അധികാരം നൽകും. പുതിയ നിയമപ്രകാരം പാർക്കിംഗ് ഓപ്പറേറ്റർമാരെ പൊതുപ്രവർത്തകരായി (Public servants) കണക്കാക്കും. പാർക്കിംഗിലൂടെ ലഭിക്കുന്ന വരുമാനം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിച്ച് നടപ്പാതകൾ, ബസ് ഷെൽട്ടറുകൾ തുടങ്ങിയ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ മാത്രമായി വിനിയോഗിക്കും.
