വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

ബെംഗളൂരു: നഗരത്തിലെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ഏകദേശം 1,500 കിലോമീറ്റർ റോഡുകളെ വഴിയോരക്കച്ചവട നിരോധിത മേഖലകളായി (Non-vending zones) പ്രഖ്യാപിക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) ഒരുങ്ങുന്നു. കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കാത്ത രീതിയിൽ മറ്റ് റോഡുകളിൽ കച്ചവടം നടത്താൻ വഴിയോരക്കച്ചവടക്കാർക്ക് അനുമതി നൽകുമെങ്കിലും പ്രധാന റോഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന വെർച്വൽ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്.

നഗരത്തിലെ അഞ്ച് കോർപ്പറേഷൻ പരിധികളിലും ബുധനാഴ്ച മുതൽ ആരംഭിക്കുന്ന ‘സുരക്ഷിത നടപ്പാത കാമ്പയിന്റെ’ (Safe Footpath Campaign) മുന്നോടിയായി, സുപ്രീം കോടതി നിർദ്ദേശങ്ങളും വഴിയോരക്കച്ചവടക്കാരുടെ സംരക്ഷണ നിയമവും പാലിച്ച് നടപ്പാതകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബെംഗളൂരുവിലുള്ള ആകെ 15,000 കിലോമീറ്ററോളം റോഡുകളിൽ, കച്ചവടം പൂർണ്ണമായും നിരോധിക്കേണ്ട 1,500 കിലോമീറ്റർ റോഡുകൾ വേർതിരിച്ച് ഔദ്യോഗികമായി വിജ്ഞാപനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ബാക്കിയുള്ള റോഡുകളിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ കച്ചവടം നടത്താൻ വ്യാപാരികൾക്ക് അനുവാദമുണ്ടാകും.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

ഒഴിപ്പിക്കൽ നടപടികൾ തുടങ്ങുന്നതിന് മുൻപായി, നിർദ്ദിഷ്ട റോഡുകൾ കൃത്യമായി കണ്ടെത്തണമെന്നും കടയുടമകൾക്കും താമസക്കാർക്കുമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. നിയമലംഘകർക്ക് നോട്ടീസ് നൽകിയ ശേഷമായിരിക്കണം ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കേണ്ടത്. ഇതോടൊപ്പം, കാൽനടയാത്രക്കാരുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാൻ തകർന്ന സ്ലാബുകൾ മാറ്റിയും ആവശ്യമായ സിവിൽ ജോലികൾ പൂർത്തിയാക്കിയും നടപ്പാതകൾ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്താനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി തുഷാർ ഗിരിനാഥ്, ജി.ബി.എ ചീഫ് കമ്മീഷണർ എം. മഹേശ്വർ റാവു, അഞ്ച് സിറ്റി കോർപ്പറേഷനുകളിലെ കമ്മീഷണർമാർ, ട്രാഫിക് ജോയിന്റ് പോലീസ് കമ്മീഷണർ കാർത്തിക് റെഡ്ഡി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം

ഒഴിപ്പിക്കൽ നടപടിക്കെതിരെ വഴിയോരക്കച്ചവടക്കാരുടെ സംഘടന

അതേസമയം, നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ വഴിയോരക്കച്ചവടക്കാരെ കൈയേറ്റക്കാരായി ചിത്രീകരിച്ച് ഒഴിപ്പിക്കരുതെന്നും കച്ചവടക്കാരുടെ ഉപജീവന സംരക്ഷണ നിയമം (2014) പൂർണ്ണമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി സംഘടന രംഗത്തെത്തി. നിർബന്ധിത സർവേ പൂർത്തിയാക്കി കച്ചവടക്കാർക്ക് തിരിച്ചറിയൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് മുൻപായി അധികൃതർ ഒഴിപ്പിക്കലിന് ഒരുങ്ങുകയാണെന്ന് കർണാടക പ്രഗതിപര ബീദി വ്യാപാരികളുടെ സംഘം ആരോപിച്ചു.

നടപ്പാതകളിലെ തടസ്സങ്ങൾക്ക് കാരണം വഴിയോരക്കച്ചവടക്കാർ മാത്രമല്ലെന്നും അനധികൃത പാർക്കിംഗ്, വൈദ്യുതി ട്രാൻസ്ഫോർമറുകൾ, നിർമ്മാണ അവശിഷ്ടങ്ങൾ, നടപ്പാതകളിലേക്ക് ഇറക്കി നിർമ്മിച്ചിട്ടുള്ള വാണിജ്യ സ്ഥാപനങ്ങൾ എന്നിവയും ഇതിന് കാരണമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. വഴിയോരക്കച്ചവടക്കാരെ മാത്രം ലക്ഷ്യമിട്ട് നടപടിയെടുക്കുന്നതിന് പകരം എല്ലാത്തരം കൈയേറ്റങ്ങൾക്കെതിരെയും അധികൃതർ നിയമനടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts