ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ യാത്രാനിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ നീക്കം. നിരക്ക് പരിഷ്കരണത്തിനായുള്ള പഠനങ്ങൾ ആരംഭിക്കാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) തയ്യാറെടുക്കുകയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ടിക്കറ്റ് നിരക്കിൽ ശരാശരി 51.55 ശതമാനം വർധനവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിരക്ക് വർധനയ്ക്കുള്ള സാധ്യതകൾ തേടുന്നത്.
നിലവിലുള്ള രീതി അനുസരിച്ച് പ്രതിവർഷം അഞ്ച് ശതമാനം നിരക്കുവർധന വരുത്താൻ ബി.എം.ആർ.സി.എല്ലിന് സാധിക്കും. എന്നാൽ മൂന്നാം ഘട്ടത്തിന്റെ (ഫേസ് 3എ) പുതുക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) പ്രകാരം ഓരോ മൂന്ന് വർഷത്തിലും യാത്രാനിരക്കിൽ 12 ശതമാനം വരെ വർധനവിന് നിർദേശമുണ്ട്. ഇതനുസരിച്ച് പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന 2033 ആകുമ്പോഴേക്കും നിരക്കിൽ വലിയ വർധനവുണ്ടാകും. നിലവിലെ ഏറ്റവും കുറഞ്ഞ നിരക്കായ 10 രൂപ 14 രൂപയായും, പരമാവധി നിരക്കായ 90 രൂപ 126 രൂപയായും ഉയർന്നേക്കുമെന്നാണ് കണക്കുകൂട്ടൽ.
2002-ലെ മെട്രോ റെയിൽവേസ് (ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ്) നിയമപ്രകാരം ബി.എം.ആർ.സി.എല്ലിന് ടിക്കറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കാൻ അധികാരമുണ്ട്. ആദ്യ നിരക്ക് നിർണയ കമ്മിറ്റിയുടെ (എഫ്.എഫ്.സി) ശുപാർശകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ നിർദേശങ്ങളാണ് പുതിയ ഡി.പി.ആറിലുള്ളത്. മുൻപ് വരുത്തിയ ഭീമമായ നിരക്കുവർധനവോടെ ബെംഗളൂരു മെട്രോ രാജ്യത്തെ ഏറ്റവും ചെലവേറിയ മെട്രോ സർവീസുകളിലൊന്നായി മാറിയിരുന്നു. ഇതിനെതിരെ ജനരോഷം ശക്തമായി നിലനിൽക്കെയാണ് വീണ്ടും നിരക്ക് വർധിപ്പിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാകുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]