മുംബൈ: തന്നെയൊരു സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് കാമുകനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്ലാറ്റിൽ ഉപേക്ഷിച്ച ശേഷം യുവതി കടന്നുകളഞ്ഞു. കല്യാൺ ഈസ്റ്റ് മലങ്ക് റോഡിലെ നീൽകണ്ഠ് ഹൗസിങ് സൊസൈറ്റിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. ബംഗാൾ സ്വദേശിയായ ഹമീദില്ല (37) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അദ്ദേഹത്തിന്റെ പങ്കാളിയായ ഹസീബയെ (35) കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊലപാതകത്തിന് ശേഷം കൊൽക്കത്തയിലേക്ക് കടന്ന ഹസീബ, കല്യാണിലെ വീട്ടുടമസ്ഥന് അയച്ച വോയ്സ് മെസേജിലൂടെയാണ് വിവരങ്ങൾ പുറംലോകമറിഞ്ഞത്. താൻ കാമുകനെ വധിച്ചുവെന്നും മൃതദേഹം സംസ്കരിക്കണമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. രണ്ടു മാസം മുൻപാണ് ഹമീദില്ല തന്നെ പുണെയിൽ നിന്ന് കല്യാണിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്നും, പിന്നീട് തന്നെ ഒരു സെക്സ് റാക്കറ്റിന് കൈമാറാൻ പദ്ധതിയിടുന്നതായി മനസ്സിലാക്കിയതോടെയാണ് കൊലപ്പെടുത്തിയതെന്നും യുവതി വോയ്സ് മെസേജിൽ അവകാശപ്പെടുന്നുണ്ട്.
സന്ദേശം ലഭിച്ച ഉടൻ വീട്ടുടമ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പരിശോധന നടത്തിയപ്പോൾ ഫ്ലാറ്റിലെ ശുചിമുറിയിൽ ചാക്കിലാക്കി ഉപേക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പ്രതിയായ ഹസീബയ്ക്കായി മഹാരാഷ്ട്ര പൊലീസ് സംഘം കൊൽക്കത്തയിലേക്ക് തിരിരിച്ചിട്ടുണ്ട്.
