ബംഗളുരു : തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അദ്ദേഹം ക്ഷേത്രത്തിൽ എത്തുമെന്ന വിവരം തമിഴ്‌നാട് സിഐഡി കർണാടക പോലീസിനെ ഔദ്യോഗികമായി അറിയിച്ചു.
ഇസഡ് പ്ലസ് (Z+) സുരക്ഷയുള്ള വ്യക്തിയായതിനാൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊല്ലൂരിലും പരിസരപ്രദേശങ്ങളിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും തമിഴ്‌നാട് സുരക്ഷാ വിഭാഗം അഭ്യർത്ഥിച്ചിട്ടുണ്ട്.
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി റോഡ് മാർഗ്ഗമാണ് വിജയ് ക്ഷേത്രത്തിലേക്ക് എത്തിച്ചേരുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മംഗളൂരുവിൽ ഇറങ്ങുന്ന അദ്ദേഹം അവിടെ നിന്ന് കാർ മാർഗ്ഗം യാത്ര തിരിച്ച് വൈകുന്നേരം 3 മണിയോടെ കൊല്ലൂരിൽ എത്തും. ഭക്തരുടെ തിരക്ക് കുറഞ്ഞ സമയം നോക്കിയാണ് ദർശനം നിശ്ചയിച്ചിരിക്കുന്നത്.
ക്ഷേത്രത്തിലെ പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം അദ്ദേഹം ഉടൻ തന്നെ മടങ്ങുമെന്നാണ് വിവരം. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സന്ദർശന പ്രമാണിച്ച് കർണാടകയിലെ വിവിധ ജംഗ്ഷനുകളിൽ അദ്ദേഹത്തെ സ്വീകരിക്കാൻ ആരാധകരും തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകരും ഒത്തുകൂടുമെന്ന റിപ്പോർട്ടുകളുമുണ്ട്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നിതി ആയോഗ് യോഗത്തിൽ പങ്കെടുത്ത വിജയ്, സോണിയ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ ആത്മീയ യാത്ര.
തമിഴ്‌നാട് മുഖ്യമന്ത്രി പദവിയിലെത്തിയ ശേഷം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയിരുന്ന മുൻ മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രൻ (എംജിആർ), ജെ. ജയലളിത എന്നിവരുടെ അതേ പാത പിന്തുടർന്നാണ് ഇപ്പോൾ വിജയ്‌യും മൂകാംബിക സന്നിധിയിലേക്ക് എത്തുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കൊല്ലൂർ മൂകാംബിക ക്ഷേത്രം കർണാടകയിലെ ഉഡുപ്പി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ നിന്നടക്കം പതിനായിരക്കണക്കിന് ഭക്തരാണ് പ്രതിവർഷം ഇവിടെ ദർശനത്തിനായി എത്തുന്നത്.
മംഗളൂരു വിമാനത്താവളത്തിൽ നിന്ന് മൂന്ന് മണിക്കൂർ റോഡ് യാത്ര ചെയ്താൽ ഇവിടെയെത്താം. ട്രെയിൻ മാർഗ്ഗം വരുന്നവർക്ക് മൂകാംബിക റോഡ് ബൈന്ദൂർ അല്ലെങ്കിൽ കുന്ദാപുര റെയിൽവേ സ്റ്റേഷനുകൾ വഴിയും ദേശീയപാത 66 വഴിയും എളുപ്പത്തിൽ ക്ഷേത്രത്തിൽ എത്തിച്ചേരാനാകും. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കൊല്ലൂർ ക്ഷേത്രത്തിലും പരിസരത്തും കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]