ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ ‘തമാശ’ വിവാദം 

ഡൽഹി: കൊമേഡിയൻ പ്രണിത് മോറിൻ്റെ സ്റ്റാൻഡപ്പ് കോമഡി ഷോയ്ക്കിടെയുണ്ടായ ‘370 രൂപയുടെ ബിരിയാണി’ പരാമർശം ഉയർത്തിയ വിവാദങ്ങൾക്ക് പിന്നാലെ, പ്രണിത് മോറിൻ്റെ മറ്റൊരു പഴയ ഷോയും പുതിയ നിയമക്കുരുക്കിലേക്കും വിവാദങ്ങളിലേക്കും. ഷോയിൽ പങ്കെടുത്ത ഒരു വനിതാ ഡോക്ടർ പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ശരീരഭാഗങ്ങളെക്കുറിച്ച് നടത്തിയ മോശം തമാശകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. സംഭവം വിവാദമായതോടെ ഒടുവിൽ പരസ്യ ക്ഷമാപണവുമായി ഡോക്ടർ സേജൽ പവാർ രംഗത്തെത്തി.

മൂന്ന് മാസം മുമ്പ് നടന്ന ഒരു ഷോയ്ക്കിടെയായിരുന്നു ഡോക്ടറായ സേജൽ പവാർ, മെഡിക്കൽ പഠനത്തിനായി ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളെയും അവയുടെ സ്വകാര്യ ഭാഗങ്ങളെയും കളിയാക്കി സംസാരിച്ചത്. പഠനത്തിനായി ലാബുകളിൽ ഉപയോഗിക്കുന്ന മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ വലിപ്പം താരതമ്യം ചെയ്തുകൊണ്ട് താനും ചില സഹപ്രവർത്തകരും സംസാരിക്കാറുണ്ടെന്നായിരുന്നു ഡോക്ടർ സേജൽ പവാറിൻ്റെ പരാമ‍ർശം. ഇത് മെഡിക്കൽ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും മൃതദേഹങ്ങളോട് കാണിക്കുന്ന കടുത്ത അനാദരവാണെന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയർന്നത്

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

കഴിഞ്ഞ ദിവസങ്ങളിൽ ഇതേ കൊമേഡിയൻ്റെ ഷോയ്ക്കിടെ ഹിമാൻഷു ജംഗ്ര എന്ന യുവതി തൻ്റെ ഡേറ്റിംഗിനിടെ പങ്കാളി 370 രൂപയ്ക്ക് ബിരിയാണി വാങ്ങി നൽകിയെന്നും, അത് മുതലാക്കാൻ ലൈംഗികമായി സമീപിച്ചെന്നും തമാശ രൂപേണ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രണിത് മോറിൻ്റെ പഴയ ഷോകളുടെ ക്ലിപ്പുകൾ ആളുകൾ വീണ്ടും ചർച്ചയാക്കിയതും ഡോക്ടറുടെ പരാമർശം പുറത്തുവന്നതും.

സംഭവം കൈവിട്ടുപോയതോടെ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ ഡോ. സേജൽ പവാർ ആത്മാർത്ഥമായി ക്ഷമ ചോദിച്ചുകൊണ്ട് രംഗത്തെത്തി. “പ്രചരിക്കുന്ന വീഡിയോയിലെ ക്ലിപ്പിനെക്കുറിച്ച് ഞാൻ ആത്മാർത്ഥമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ പറഞ്ഞതിൽ ആളുകൾ എന്തിനാണ് അസ്വസ്ഥരായതെന്ന് ആ വീഡിയോ വീണ്ടും കണ്ടപ്പോൾ എനിക്ക് പൂർണ്ണമായും മനസ്സിലായി. വിഷയം വളരെ സെൻസിറ്റീവ് ആയ ഒന്നാണ്, എൻ്റെ അഭിപ്രായങ്ങൾ ഒരിക്കലും പറയാൻ പാടില്ലാത്ത രീതിയിലാണ് പുറത്തുവന്നത്. ആരെയും അനാദരവ് കാണിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എങ്കിലും എൻ്റെ ഉദ്ദേശ്യത്തേക്കാൾ അത് മറ്റുള്ളവരിലുണ്ടാക്കിയ ആഘാതമാണ് വലുതെന്ന് ഞാൻ മനസ്സിലാക്കുന്നു,” ഡോക്ടർ കുറിച്ചു.

  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം

തൻ്റെ വാക്കുകളെ ന്യായീകരിക്കാനോ വിശദീകരിക്കാനോ താൻ മുതിരുന്നില്ലെന്നും, അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. തൻ്റെ വാക്കുകൾ ഉദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടതാണെങ്കിലും, വീഡിയോ കണ്ട് വേദനിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും ഇനിയൊരിക്കലും അത്തരമൊരു തെറ്റ് തൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും ഡോ. സേജൽ പവാർ വ്യക്തമാക്കി.

അതേസമയം, സ്റ്റാൻഡപ്പ് കോമഡികൾ പലപ്പോഴും പരിധികൾ ലംഘിക്കുകയാണെന്നും ഇത്തരം ഷോകൾക്ക് കർശനമായ സെൻസർഷിപ്പും നിയമന്ത്രണങ്ങളും ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ രംഗത്തു വന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts