ബെംഗളൂരു: പാകിസ്ഥാൻ ആർമിക്കെതിരെ ആക്രമണത്തിന് പദ്ധതിയിടുകയും നിരോധിത ഭീകര സംഘടനയായ തെഹ്രീകെ താലിബാൻ പാകിസ്ഥാന് (TTP) പിന്തുണ നൽകുകയും ചെയ്ത കേസിൽ പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ നൗപാറ ഗ്രാമത്തിൽ നിന്നുള്ള അസഫൂൾ മല്ലിക് (25) ആണ് പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റ് 11-ന് ബൊമ്മസന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്നാണ് പോലീസിന്റെ പിടിയിലാകുന്നത്. 2025 ഡിസംബർ മുതൽ ജിഗണി ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു മല്ലിക്.
പാകിസ്ഥാനിലെ മസ്ജിദുകൾക്കും സാധാരണക്കാർക്കും നേരെ പാകിസ്ഥാൻ സൈന്യം അതിക്രമങ്ങൾ നടത്തുന്നുവെന്ന വികാരത്തെ തുടർന്ന് ഇയാൾ സൈന്യത്തോട് തീവ്രമായ വിദ്വേഷം പുലർത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഫേസ്ബുക്ക് വഴിയാണ് ഇയാൾ ഇമ്രാൻ അഹിന്ദർ എന്ന അഫ്ഗാൻ സ്വദേശിയുമായി പരിചയപ്പെടുന്നത്. തുടർന്ന് സംഘടനയിൽ ആകൃഷ്ടനായ മല്ലിക്, പാകിസ്ഥാൻ സൈന്യത്തോട് പ്രതികാരം വീട്ടാനായി അഫ്ഗാനിസ്ഥാനിലേക്ക് കടക്കാൻ പദ്ധതിയിട്ടു. ഇതിനായി അഹിന്ദറിന്റെ സഹായത്തോടെ പാസ്പോർട്ട് സംഘടിപ്പിക്കുകയും വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്തു.
എന്നാൽ ഇയാൾക്ക് അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ സാധിച്ചില്ല. പാകിസ്ഥാൻ സൈന്യത്തിനെതിരെയുള്ള ഇയാളുടെ പ്രതികാര പദ്ധതികളെക്കുറിച്ചുള്ള ശക്തമായ തെളിവുകളും ശബ്ദരേഖകളും പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
