ബെംഗളൂരു: ഗതാഗതക്കുരുക്കിൽ വീണ്ടും റെക്കോർഡിട്ട് ‘സിലിക്കൺ സിറ്റി’യായ ബെംഗളൂരു. രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരങ്ങളുടെ പട്ടികയിലാണ് ബെംഗളൂരു ഒന്നാം സ്ഥാനത്തെത്തിയത്. അന്താരാഷ്ട്ര നാവിഗേഷൻ ടെക്നോളജി കമ്പനിയായ ‘ടോംടോം’ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയിൽ ഒന്നാമതായും ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും ബെംഗളൂരു ഇടംപിടിച്ചത്.
ബെംഗളൂരുവിൽ വെറും 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശരാശരി 35.18 മിനിറ്റ് സമയം വേണമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 33.20 മിനിറ്റ് സമയം രേഖപ്പെടുത്തിയ പൂനെയാണ് പട്ടികയിൽ രണ്ടാമത്. കൊൽക്കത്തയും തൊട്ടുപിന്നാലെയുണ്ട്. നഗരത്തിൽ പ്രതിദിനം 3,000 പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതാണ് സ്ഥിതിഗതികൾ ഇത്രയും വഷളാക്കുന്നത്. നിലവിൽ ഒന്നരക്കോടിയോളം വാഹനങ്ങളാണ് ബെംഗളൂരുവിലെ റോഡുകളിലുള്ളത്.
സ്ഥിതി ഇതേതുടർന്നാൽ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ഗതാഗതക്കുരുക്കുള്ള നഗരമായി ബെംഗളൂരു മാറിയേക്കാമെന്ന ആശങ്കയിലാണ് അധികൃതർ. ഇതിന് പരിഹാരമായി ഗതാഗത നിയന്ത്രണം ശക്തമാക്കാൻ നഗരവികസന മന്ത്രാലയം നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടപ്പാതകൾ വൃത്തിയാക്കുകയും റോഡരികുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന അനാഥ വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നുണ്ട്. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ഉടമകൾ നീക്കം ചെയ്യാത്ത വാഹനങ്ങൾ ലേലം ചെയ്തു വിൽക്കുന്നതടക്കമുള്ള കർശന നടപടികളിലൂടെ റോഡുകളിലെ തടസ്സങ്ങൾ ഒഴിവാക്കാനും ഗതാഗതക്കുരുക്കിന് വലിയ അളവിൽ ആശ്വാസം കണ്ടെത്താനുമാണ് അധികൃതരുടെ ശ്രമം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]