തുടർനടപടികൾക്ക് വഴിതുറന്നു; ഹെബ്ബാളിലെ മെട്രോ നിർമാണം ഇനി തടസ്സമില്ലാതെ മുന്നോട്ട്!പച്ചക്കൊടി കാട്ടി സുപ്രീം കോടതി

ന്യൂഡൽഹി: ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.എം.ആർ.സി.എൽ) ബ്ലൂ ലൈൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സുപ്രീം കോടതി അനുമതി നൽകി. നിലവിലുള്ള സ്റ്റാറ്റസ് കോ (ത സ്ഥിതി) ഉത്തരവ് നിർമാണത്തിന് തടസ്സമാകില്ലെന്ന് കോടതി വ്യക്തമാക്കി. ബി.എം.ആർ.സി.എല്ലിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്‌ദേവ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതി പൂർത്തിയാകുന്നതോടെ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്ന് കോടതി പ്രത്യാശ പ്രകടിപ്പിച്ചു.

ലേക്‌വ്യൂ ടൂറിസം കോർപ്പറേഷൻ നൽകിയ ഹർജിയിൽ ഭൂമിയുടെ കാര്യത്തിൽ നിലവിലെ സ്ഥിതി തുടരാൻ 2026 മേയ് 4-നാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടിരുന്നത്. ലേക്‌വ്യൂ ടൂറിസം പദ്ധതിക്കായി ഏറ്റെടുത്ത 55 ഏക്കർ 13 ഗുണ്ട ഭൂമിയിൽ നിന്ന് 6712.97 ചതുരശ്ര മീറ്റർ (ഏകദേശം 1 ഏക്കർ 26.5 ഗുണ്ട) ഭൂമി 2025 ജനുവരി 23-നാണ് മെട്രോ നിർമാണത്തിനായി ബി.എം.ആർ.സി.എല്ലിന് കൈമാറിയത്. ഇതിനായി 20,31,74,125 രൂപ കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്റ് ബോർഡിൽ (കെ.ഐ.എ.ഡി.ബി) നിക്ഷേപിക്കുകയും ചെയ്തിരുന്നു.

55 ഏക്കർ 13 ഗുണ്ട ഭൂമി ഏറ്റെടുത്ത നടപടി പൂർണമായും റദ്ദാക്കിയ കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ 2026 ഏപ്രിൽ 10-ലെ വിധി ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീം കോടതി നടപടി. ലേക്‌വ്യൂ ടൂറിസം കോർപ്പറേഷന് വേണ്ടി മുതിർന്ന അഭിഭാഷകൻ സി.എ. സുന്ദരം, അഭിഭാഷക രോഹിണി മൂസ എന്നിവരും കെ.ഐ.എ.ഡി.ബിക്ക് വേണ്ടി അഭിഭാഷകൻ നിശാന്ത് പാട്ടീലും ഹാജരായി.

കെ.ആർ പുരത്ത് നിന്ന് തുടങ്ങി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന എയർപോർട്ട് ലൈനുമായി ഹെബ്ബാളിൽ ഇന്റർചേഞ്ച് സൗകര്യം ഒരുക്കുന്നതാണ് ഈ പദ്ധതി. പദ്ധതിയുടെ 84 ശതമാനം നിർമാണ പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും 2022 ജനുവരിയിൽ ആരംഭിച്ച നിർമാണം 2027 ജൂണോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബി.എം.ആർ.സി.എൽ കോടതിയെ അറിയിച്ചു. വൈകുന്നത് സംസ്ഥാന ഖജനാവിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts