ബെംഗളൂരു: സ്വകാര്യ കോച്ചിംഗ് സെന്ററുകളുടെ അമിത ഫീസ് ഈടാക്കലും അമിത പഠനസമ്മർദ്ദവും തടയുന്നതിനായി കർണാടക സർക്കാർ പുതിയ കർശന കരട് നിയമങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം 15 വയസ്സിന് താഴെയുള്ളവർക്കോ പത്താം ക്ലാസ് പൂർത്തിയാക്കാത്തവർക്കോ സ്വകാര്യ കോച്ചിംഗ് കേന്ദ്രങ്ങളിൽ പ്രവേശനം നൽകുന്നത് പൂർണ്ണമായും നിരോധിച്ചു.വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും ക്ഷേമവും മുൻനിർത്തിയാണ് സർക്കാർ ഈ നിർണ്ണായക തീരുമാനമെടുത്തിരിക്കുന്നത്.
പരീക്ഷകളും പുനരവലോകനങ്ങളും ഉൾപ്പെടെ പ്രതിദിന പഠനസമയം പരമാവധി അഞ്ച് മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാവിലെ 6 മുതൽ രാത്രി 9 വരെയുള്ള സമയങ്ങളിൽ മാത്രമേ ഇത്തരം കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുള്ളൂ. സ്കൂൾ അല്ലെങ്കിൽ കോളേജ് സമയങ്ങളിൽ ക്ലാസുകൾ നടത്താൻ പാടില്ലെന്നും,എല്ലാ കേന്ദ്രങ്ങളിലും ഒരു മാനസികാരോഗ്യ കൗൺസിലറുടെ സേവനം ഉറപ്പാക്കണമെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.
സാമ്പത്തിക ചൂഷണം തടയുന്നതിനായി കോഴ്സ് ഫീസ് ഒറ്റയടിക്ക് വാങ്ങുന്നത് നിരോധിച്ചു. പകരം കുറഞ്ഞത് നാല് തുല്യ ഗഡുക്കളായി ഫീസ് അടയ്ക്കാൻ രക്ഷിതാക്കൾക്ക് സൗകര്യമൊരുക്കണം. പഠനം പകുതിവഴിയിൽ ഉപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ബാക്കി ഫീസ് 10 ദിവസത്തിനകം തിരികെ നൽകേണ്ടതും നിർബന്ധമാണ്. നിബന്ധനകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 5 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ സ്ഥാപനം സീൽ ചെയ്യലോ നേരിടേണ്ടിവരും. കരട് നിയമങ്ങളിന്മേൽ എതിർപ്പുകളും നിർദ്ദേശങ്ങളും അറിയിക്കാൻ പൊതുജനങ്ങൾക്ക് 15 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]