വിജയനഗര സാമ്രാജ്യത്തിന്റെ തിരുശേഷിപ്പുകൾ അപകടത്തിലോ? ഹംപിയിൽ യുനെസ്കോ സംഘത്തിന്റെ നിർണായക പര്യടനം

ബെല്ലാരി: വിജയനഗര സാമ്രാജ്യത്തിന്റെ മഹത്വം വിളിച്ചോതുന്ന ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹംപിയിൽ യുനെസ്കോ (UNESCO) പ്രതിനിധി സംഘം മൂന്ന് ദിവസത്തെ സമഗ്ര സന്ദർശനം നടത്തി. വിരൂപാക്ഷേശ്വര ക്ഷേത്രം, വിജയ വിത്തൽ മന്ദിർ, സംഗീത മണ്ഡപം, മഹാനവമി ദിബ്ബ, ചരിത്രപ്രസിദ്ധമായ കല്ലുരഥം തുടങ്ങി നിരവധി ചരിത്രസ്മാരകങ്ങൾ സംഘം നേരിട്ടെത്തി പരിശോധിച്ചു. ഹംപിയുടെ നിലവിലെ സംരക്ഷണം, പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ, വിനോദസഞ്ചാരികൾ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയെക്കുറിച്ചുള്ള വിവര ശേഖരണമായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

പരിശോധന വേളയിൽ പ്രദേശത്തെ കുടിവെള്ള വിതരണം, ശുചിമുറി സൗകര്യങ്ങൾ, റോഡുകൾ, ഗതാഗത സംവിധാനങ്ങൾ എന്നിവയിലെ പോരായ്മകളെക്കുറിച്ച് സഞ്ചാരികളിൽ നിന്നും ടൂറിസ്റ്റ് ഗൈഡുകളിൽ നിന്നും സംഘത്തിന് നേരിട്ട് പരാതികൾ ലഭിച്ചു. 1986-ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഹംപിയുടെ തനിമ ചോരാതെ എങ്ങനെ സംരക്ഷിക്കാമെന്നും വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ മെച്ചപ്പെടുത്താമെന്നും സംഘം വിശദമായി പഠിച്ചു. ഇതിന്റെ ഭാഗമായി വിജയനഗരം, കൊപ്പൽ ജില്ലകളിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പങ്കാളികളുമായി സംഘം പ്രത്യേക കൂടിയാലോചനകൾ നടത്തുകയും, വരുംതലമുറകൾക്കായി ഹംപിയുടെ വിസ്മയകരമായ ചരിത്രം സുരക്ഷിതമായി നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts