ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങൾ കന്നഡ സംസാരിക്കുന്നവരെ മനഃപൂർവം ജോലിക്കെടുക്കാതെ മാറ്റിനിർത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കന്നഡിഗരുടെ അവകാശങ്ങളും അന്തസ്സും തൊഴിലവസരങ്ങളും അവഗണിക്കാൻ സർക്കാർ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവിലെ ചില ഐടി കമ്പനികൾ കന്നഡ ഉദ്യോഗാർത്ഥികളെ മാറ്റിനിർത്തുന്നുവെന്ന പരാതികൾക്കിടെ ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഡി.കെ. ശിവകുമാർ ‘എക്സിലൂടെ’ (X) നിലപാട് വ്യക്തമാക്കിയത്.
കർണാടകയിൽ കന്നഡിഗരാണ് പരമാധികാരികളെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവിന്റെ വളർച്ചയിൽ കന്നഡക്കാരുടെ കഴിവുകളിൽ സംസ്ഥാനം അഭിമാനിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ പ്രദേശവാസികളായ ഉദ്യോഗാർത്ഥികളെ ബോധപൂർവം ഒഴിവാക്കുന്ന സമീപനം സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടായാൽ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഐടി കമ്പനികൾ കന്നഡിഗരെ ജോലിക്ക് എടുക്കാതെ കുറഞ്ഞ ശമ്പളത്തിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ നിയമിക്കുകയാണെന്ന് ആരോപിച്ചാണ് യുവതി വീഡിയോ പങ്കുവെച്ചത്. വിഷയത്തിൽ മുഖ്യമന്ത്രിയും സർക്കാരും അടിയന്തരമായി ഇടപെടണമെന്ന് യുവതി അഭ്യർത്ഥിച്ചിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ശക്തമായ പ്രതികരണം വന്നിരിക്കുന്നത്.
