ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിൽ റിച്ചർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 9.01 നാണ് ഭൂചലനമുണ്ടായതെന്ന് കർണാടക സംസ്ഥാന ദുരന്ത നിവാരണ മോണിറ്ററിംഗ് സെന്റർ (KSNDMC) അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു.
ദൊഡ്ഡബല്ലാപുര താലൂക്കിലെ തിമ്മോജനഹള്ളി ഗ്രാമത്തിന് 0.5 കിലോമീറ്റർ വടക്കുമാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം (Epicentre) സ്ഥിതി ചെയ്യുന്നത്. നാരഗനഹള്ളി ഗ്രാമത്തിന് 0.6 കിലോമീറ്റർ തെക്കുകിഴക്കായും, തുബഗെരെ ഗ്രാം പഞ്ചായത്തിന് 1.1 കിലോമീറ്റർ തെക്കുകിഴക്കായും, കർണാല ഗ്രാം പഞ്ചായത്തിന് 1.35 കിലോമീറ്റർ വടക്കുപടിഞ്ഞാറായുമാണ് ഈ പ്രദേശം വരുന്നത്.
തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ പ്രഭവകേന്ദ്രത്തിൽ നിന്നും 20 മുതൽ 30 കിലോമീറ്റർ ചുറ്റളവിൽ വരെ നേരിയ പ്രകമ്പനം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് KSNDMC തങ്ങളുടെ സീസ്മിക് ഇന്റൻസിറ്റി മാപ്പിനെ ഉദ്ധരിച്ച് വ്യക്തമാക്കി. എന്നാൽ, ഈ പ്രകമ്പനം ജനങ്ങൾക്കോ പ്രദേശത്തിനോ യാതൊരുവിധ നാശനഷ്ടങ്ങളും അപകടങ്ങളും വരുത്തിവെക്കില്ലെന്നും പ്രകമ്പനങ്ങൾ മാത്രമായിരിക്കും അനുഭവപ്പെടുകയെന്നും അധികൃതർ കൂട്ടിപ്പേർത്തു.
ഭൂകമ്പ സാധ്യത കുറഞ്ഞ ‘സീസ്മിക് സോൺ 2’-ൽ ഉൾപ്പെടുന്ന പ്രദേശമാണ് ഇത്. കൂടാതെ ഈ മേഖലയിൽ ഘടനാപരമായ മറ്റ് ഭൂഗർഭ തടസ്സങ്ങളോ അപകടനിലയോ ഇല്ലെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
