സൗദിയിൽ കുടുങ്ങിയ ഉംറ തീർത്ഥാടകരെ വേഗത്തിൽ തിരികെയെത്തിക്കണം: കേന്ദ്രത്തിന് കത്തയച്ച് കർണാടക സർക്കാർ

ബെംഗളൂരു : മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ പ്രശ്നങ്ങളും സംഘർഷഭരിതമായ സാഹചര്യവും കാരണം വിമാന സർവീസുകൾ റദ്ദാക്കിയതോടെ സൗദി അറേബ്യയിൽ കടുത്ത ദുരിതത്തിലായ ഇന്ത്യൻ ഉംറ തീർത്ഥാടകരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ. കർണാടകയിൽ നിന്നുള്ള 600-ലധികം ആളുകൾ ഉൾപ്പെടെ ഏകദേശം 4,000 ഇന്ത്യൻ തീർത്ഥാടകരാണ് വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചകളായി സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.

സൗദിയിലെ മക്കയിലും മദീനയിലും കുടുങ്ങിക്കിടക്കുന്ന കർണാടക സ്വദേശികളായ തീർത്ഥാടകരെ വേഗത്തിൽ സ്വന്തം നാട്ടിലേക്ക് എത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തെഴുതി. വിമാന സർവീസുകൾ നിർത്തിവെച്ചതോടെ ബെംഗളൂരുവിലേക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും മടങ്ങാനാകാതെ പ്രായമായവരും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ദുരിതത്തിലാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ ഈ പുണ്യനഗരങ്ങൾ സന്ദർശിച്ച കർണാടക സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും സംഘവും സമാനമായ രീതിയിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നു.

ഹോട്ടലുകളിലെ മുറികൾ ഒഴിയാൻ നിർദ്ദേശം ലഭിച്ചതോടെ പല തീർത്ഥാടകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഭക്ഷണം, താമസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പോലും ഇവർ പ്രയാസപ്പെടുകയാണ്. നിലവിൽ ഇന്ത്യൻ, കർണാടക സന്നദ്ധ സംഘടനകൾ നൽകുന്ന താൽക്കാലിക സഹായം ദുരിതത്തിലായ എല്ലാവർക്കും പര്യാപ്തമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിനാൽ റിയാദിലെ ഇന്ത്യൻ എംബസിയിലെയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലെയും ഉദ്യോഗസ്ഥർ സൗദി അറേബ്യൻ അധികാരികളുമായും വിമാനക്കമ്പനികളുമായും ചർച്ച നടത്തി അടിയന്തരമായി പ്രത്യേക വിമാനങ്ങൾ ക്രമീകരിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു. തീർത്ഥാടകർ സുരക്ഷിതരായി തിരിച്ചെത്തുന്നതുവരെ അവർക്ക് ആവശ്യമായ താൽക്കാലിക സഹായങ്ങൾ ഉറപ്പാക്കണമെന്നും, ഇതിനായി കർണാടക സർക്കാരിന്റെ പൂർണ്ണ സഹകരണം ഉണ്ടാകുമെന്നും ഡി.കെ. ശിവകുമാർ ഉറപ്പുനൽകി.

അതേസമയം വിഷയത്തിൽ റിയാദിലെ ഇന്ത്യൻ എംബസിയുമായും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും വിമാനക്കമ്പനികളുമായി ഏകോപനം നടത്തിവരികയാണെന്നും ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന കന്നഡിഗങ്ങൾ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കണമെന്നും എംബസിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ചിക്കമഗളൂരുവിൽ നിന്നുള്ള ഒരു തീർത്ഥാടകൻ വീഡിയോയിലൂടെ സഹായം അഭ്യർത്ഥിച്ചതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts