ബെംഗളൂരു : ശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹങ്ങളും അസ്ഥികൂടങ്ങളും സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് അനധികൃതമായി കടത്തുന്ന വൻ റാക്കറ്റ് റായ്ച്ചൂരിൽ പിടിയിലായി. റായ്ച്ചൂർ നഗരത്തിലെ മന്ത്രാലയം റോഡിലുള്ള ഹിന്ദു ശ്മശാന കേന്ദ്രം കേന്ദ്രീകരിച്ചാണ് അതിദാരുണമായ ഈ തട്ടിപ്പ് നടന്നത്. 200 മുതൽ 500 രൂപ വരെ മാത്രം വാങ്ങി ശ്മശാന ജീവനക്കാർ മൃതദേഹങ്ങൾ വിൽക്കുകയായിരുന്നെന്ന് നാട്ടുകാർ തെളിവുസഹിതം പുറത്തുകൊണ്ടുവന്നു.
സംസ്കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത് അവയവങ്ങൾ വിൽക്കുകയും ഛിന്നഭിന്നമാക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പ്രദേശവാസികൾ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഈ രീതിയിൽ അനധികൃതമായി കടത്തുന്ന മൃതദേഹങ്ങളും ശരീരഭാഗങ്ങളും സ്വകാര്യ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി ഉപയോഗിച്ചിരുന്നതായാണ് ആരോപണം.
തട്ടിപ്പ് നടക്കുന്നത് കൈയോടെ പിടികൂടിയ നാട്ടുകാർ സ്വകാര്യ മെഡിക്കൽ കോളേജിലെയും ശ്മശാനത്തിലെയും ജീവനക്കാരെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു. ശ്മശാന ജീവനക്കാരനായ വീരേഷും, സ്വകാര്യ മെഡിക്കൽ കോളേജ് ജീവനക്കാരായ രാജു, അപ്സർ എന്നിവരും മൃതദേഹങ്ങൾ അനധികൃതമായി കടത്തിയതായി സമ്മതിച്ചിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് നേതാജി നഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ നേതാജി നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
