ബെംഗളൂരു: ബെംഗളൂരുവിൽ റാപ്പിഡോ കാബിൽ മറന്നുവെച്ച മൊബൈൽ ഫോൺ തിരികെ നൽകാൻ പണം ആവശ്യപ്പെട്ട ഡ്രൈവറുടെ കളി ബെംഗളൂരു പോലീസിന്റെ സമയോചിത ഇടപെടലിലൂടെ പൊളിഞ്ഞു. റെഡ്ഡിറ്റിൽ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് ഈ സംഭവം പുറത്തുവന്നത്. മാനേജർക്കൊപ്പം ജോലിയുടെ ആവശ്യത്തിനായി നഗരത്തിലെത്തിയതായിരുന്നു പരാതിക്കാരൻ. ജോലി കഴിഞ്ഞശേഷം ഉച്ചഭക്ഷണത്തിനായി യെലഹങ്കയിലേക്ക് പോകാനാണ് ഇരുവരും റാപ്പിഡോ ക്യാബ് ബുക്ക് ചെയ്തത്.
റെസ്റ്റോറന്റിൽ എത്തിയപ്പോഴാണ് തന്റെ മൊബൈൽ ഫോൺ ക്യാബിൽ നഷ്ടപ്പെട്ട വിവരം ഇയാൾ ശ്രദ്ധിക്കുന്നത്. ഉടൻതന്നെ ഡ്രൈവറെ ബന്ധപ്പെട്ടെങ്കിലും ഫോൺ കൈവശമില്ലെന്ന് പറഞ്ഞ് അയാൾ കള്ളം പറഞ്ഞു. പിന്നീട് സമ്മർദ്ദം കൂടിയപ്പോൾ ഫോൺ തിരികെ നൽകാൻ ഡ്രൈവർ 3,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. യാതൊരു ആശ്വാസവും ലഭിക്കാതെ വന്നതോടെ യാത്രക്കാരൻ ചിക്കജാല പോലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു.
പോലീസിന്റെ സമയോചിത ഇടപെടൽ
കന്നഡ ഭാഷ സംസാരിക്കാൻ അറിയാത്ത തന്നെ പോലീസ് ഏറെ സഹായിച്ചതായി യാത്രക്കാരൻ ഓർക്കുന്നു. പോലീസുകാരിൽ ഒരാൾ ഹിന്ദിയിൽ സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കുകയും ഡ്രൈവറുടെ വിവരങ്ങൾ ശേഖരിച്ച് ഉടൻതന്നെ അയാളെ ബന്ധപ്പെടുകയും ചെയ്തു.
പോലീസ് ഇടപെട്ടതോടെ ഡ്രൈവറുടെ ഭാവം ആകെ മാറി. പോലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് നൽകിയതോടെ അയാൾ തന്നെ തിരികെ വിളിച്ച് ഫോൺ തിരികെ നൽകാമെന്ന് സമ്മതിച്ചു. ബെംഗളൂരു പോലീസിന്റെ ഈ വേഗത്തിലുള്ള നടപടിയെ യാത്രക്കാരനും സമൂഹമാധ്യമ ഉപയോക്താക്കളും ഒരുപോലെ പ്രശംസിച്ചു. “ഇതുപോലുള്ള സംഭവങ്ങൾ പോലീസിലുള്ള വിശ്വാസം വീണ്ടും ഊട്ടിയുറപ്പിക്കുന്നു” എന്ന് നിരവധി പേർ കമന്റ് ചെയ്തു.
