ബെംഗളൂരു: അഞ്ച് വർഷം മുമ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരനെ ഇടിച്ചു വീഴ്ത്തിയ കേസിൽ കുറ്റാരോപിതനായ കാർ ഡ്രൈവറുടെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കാൻ വിസമ്മതിച്ച കോടതി, ഹർജി തള്ളുകയും ചെയ്തു. നാഗരബാവി സ്വദേശിയും ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനിയിലെ ജനറൽ മാനേജരുമായ രാമഞ്ജലു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നിർണായക ഉത്തരവ്.
നിയമാനുസൃതമായി ജോലി ചെയ്യുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ധാർഷ്ട്യത്തോടെ വാഹനം ഓടിച്ചുകയറ്റിയ പ്രതിയുടെ പെരുമാറ്റത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും സ്ഥാനമില്ലെന്ന് കോടതി ശക്തമായ ഭാഷയിൽ വ്യക്തമാക്കി. വാഹനങ്ങളെ ഭീഷണിപ്പെടുത്താനോ അക്രമം നടത്താനോ ഉള്ള ആയുധമാക്കി മാറ്റാൻ അനുവദിക്കാനാകില്ലെന്നും, ഇത്തരം ഗുരുതര ആരോപണങ്ങൾ പരിശോധിക്കാതെ കേസ് റദ്ദാക്കിയാൽ നിയമവാഴ്ചയുടെ അർത്ഥം തന്നെ നഷ്ടപ്പെടുമെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
2021 ഒക്ടോബർ 23-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എച്ച്എഎൽ പോലീസ് സ്റ്റേഷൻ പരിധിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനായി ട്രാഫിക് പോലീസ് പ്രത്യേക പരിശോധന നടത്തുന്നതിനിടെയാണ് ഹ്യുണ്ടായ് ക്രെറ്റ കാറിലെത്തിയ രാമഞ്ചലുവിനെ എച്ച്എഎൽ എയർപോർട്ട് ട്രാഫിക് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ തടയാൻ ശ്രമിച്ചത്. എന്നാൽ വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചുപോയ ഹർജിക്കാരൻ, പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
അപകടത്തിൽ പോലീസുകാരന്റെ കാലുകൾക്ക് പരിക്കേൽക്കുകയും മദ്യപാനം അളക്കുന്ന ആൽക്കോമീറ്റർ മെഷീൻ തകരുകയും ചെയ്തു. ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 353 (ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ), 307 (വധശ്രമം), 279 (അശ്രദ്ധമായി വാഹനമോടിക്കൽ), 427, 506 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എച്ച്എഎൽ പോലീസ് കേസെടുത്തത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാമഞ്ചലു ഹൈക്കോടതിയെ സമീപിച്ചതെങ്കിലും ഹർജി തള്ളപ്പെടുകയായിരുന്നു.
