ബെംഗളൂരു: കഴിഞ്ഞ ആഴ്ച ബെംഗളൂരു ഫ്രേസർ ടൗണിൽ രണ്ട് പേർക്ക് പരിക്കേറ്റ ഐ.ഇ.ഡി (Improvised Explosive Device) സ്ഫോടനത്തിന് പിന്നിൽ ഭീകരാക്രമണമല്ലെന്നും, കുടുംബവൈരാഗ്യമാണ് കാരണതെന്നും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കേസിലെ മുഖ്യസൂത്രധാരൻ അസം ഹൈലാകാണ്ടി ജില്ലയിലെ ദിനാ നാഥ്പൂർ സ്വദേശിയും ജയനഗറിലെ കേക്ക് ഷോപ്പിലെ സെയിൽസ്മാനുമായ സാഹിദുൽ ഹുസൈൻ ബർബുയ (27), ഇയാളുടെ ബാല്യകാല സുഹൃത്തുക്കളായ സാജിദുൽ ഇസ്ലാം ലസ്കർ (22), ബുർഹാൻ അഹമ്മദ് ബർബുയ (20) എന്നിവരാണ് പിടിയിലായത്.
അസ മിൽ വസ്തു തർക്കവും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സാഹിദുലിന് തൻ്റെ അമ്മാവനായ അലാവുദ്ദീൻ എം.-നോട് കടുത്ത വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. കൂടാതെ, സാഹിദുലിൻ്റെ സഹോദരിയുടെ വിവാഹം മുടങ്ങിയതിൻ്റെ പിന്നിലും അമ്മാവനാണെന്ന് ഇയാൾ വിശ്വസിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അമ്മാവനെ കൊലപ്പെടുത്താൻ സാഹിദുൽ സുഹൃത്തുക്കളുമായി ചേർന്ന് പദ്ധതിയിട്ടത്. ഇതിനായി ഇവർ പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ആശയവിനിമയം നടത്തുകയായിരുന്നു.
റായ്ച്ചൂരിലെ മാസ്കിയിൽ വെൽഡറും ഇലക്ട്രീഷ്യനുമായി ജോലി ചെയ്യുന്ന ബുർഹാൻ അഹമ്മദിനാണ് ഐ.ഇ.ഡി നിർമ്മിക്കാനുള്ള ചുമതല നൽകിയത്. ഇൻ്റർനെറ്റിലെ ട്യൂട്ടോറിയലുകൾ നോക്കി, പ്രാദേശികമായി വാങ്ങിയ പടക്കങ്ങളിലെ വെടിമരുന്ന്, സൈക്കിൾ ബോൾ ബെയറിംഗുകൾ, 9 വോൾട്ട് ബാറ്ററികൾ, സർക്യൂട്ട് ബോർഡ് എന്നിവ ടോർച്ചിനുള്ളിൽ ഘടിപ്പിച്ചാണ് സ്ഫോടകവസ്തു നിർമ്മിച്ചത്. മല്ലേശ്വരത്തെ കഫേ ജീവനക്കാരനായ സാജിദുൽ ഇസ്ലാം അസംസ്കൃത വസ്തുക്കൾ ശേഖരിക്കാനും ഇവർക്ക് താവളമൊരുക്കാനും നിരീക്ഷണത്തിനും സഹായിച്ചു.
ഒക്ടോബർ 19-ന് ബുസ് മാർഗ്ഗം ബെംഗളൂരുവിൽ എത്തിയ ബുർഹാൻ, ഫ്രേസർ ടൗണിലെ ജെറമിയ റോഡിൽ അലാവുദ്ദീൻ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമുള്ള കടയിൽ പാക്കറ്റ് ഉപേക്ഷിച്ചു. തുടർന്ന് വഴിപോക്കൻ്റെ ഫോണിൽ നിന്ന് അലാവുദ്ദീനെ വിളിച്ച് പാക്കറ്റ് കൈപ്പറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഒക്ടോബർ 20-ന് ഉച്ചഭക്ഷണ സമയത്ത് പാക്കറ്റ് തുറന്നുനോക്കാൻ ബുർഹാൻ വീണ്ടും വിളിച്ചുപറഞ്ഞു.
ഹിന്ദിയിലുള്ള സംസാരം മനസ്സിലാകാത്തതിനാൽ അലാവുദ്ദീൻ ഉത്തർപ്രദേശ് സ്വദേശിയായ സഹപ്രവർത്തകൻ സൂരജ് കുമാറിൻ്റെ (28) സഹായം തേടുകയും, പാക്കറ്റിലുണ്ടായിരുന്ന ബട്ടൺ അമർത്തിയതോടെ സ്ഫോടനം സംഭവിക്കുകയുമായിരുന്നു. സ്ഫോടനത്തിൽ അലാവുദ്ദീൻ്റെ മുഖത്തും കണ്ണുകൾക്കും പരിക്കേറ്റു. സൂരജ് കുമാറിൻ്റെ വലതുകൈയിലെ വിരൽ നഷ്ടപ്പെടുകയും മുഖത്ത് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സൂരജ് ഇപ്പോഴും ചികിത്സയിലാണ്.
നഗരത്തിലെ 1,500-ഓളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചും ഫോൺ റെക്കോർഡുകൾ വിശകലനം ചെയ്തുമാണ് 72 മണിക്കൂറിനുള്ളിൽ പോലീസ് കേസിന് തുമ്പുണ്ടാക്കിയത്. ആന്റി ടെററിസ്റ്റ് സെൽ, സെൻട്രൽ ക്രൈം ബ്രാഞ്ച്, ഇൻ്റേണൽ സെക്യൂരിറ്റി ഡിവിഷൻ, റായ്ച്ചൂർ-അസം പോലീസ്, കേന്ദ്ര അന്വേഷണ ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു അന്വേഷണം. കേസ് വിജയകരമായി തെളിയിച്ച അന്വേഷണ സംഘത്തിന് പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അപരിചിതർക്ക് ഫോൺ വിളിക്കാൻ നൽകരുതെന്ന് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
