ബെംഗളൂരുവിൽ ഓട്ടോക്കൂലിയെച്ചൊല്ലിയുള് തർക്കം: അഭിനേതാവും അഭിഭാഷകനുമായ ശ്രീറാം കൊല്ലപ്പെട്ടു; ഓട്ടോ ഡ്രൈവർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ അന്നപൂർണ്ണേശ്വരി നഗറിൽ ഓട്ടോക്കൂലിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അഭിഭാഷകനും സിനിമാ നടനുമായ ശ്രീറാം (46) കൊല്ലപ്പെട്ടു. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ പൃഥ്വിരാജ് (31) എന്ന മേഘരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 9-ന് നാഗരഭാവി റിംഗ് റോഡിന് സമീപം റോഡിൽ കുഴഞ്ഞുവീണ ശ്രീറാമിനെ പെട്രോളിംഗ് പോലീസ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ മരിക്കുകയായിരുന്നു. തുടക്കത്തിൽ സ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

എന്നാൽ മൃതദേഹത്തിൽ മുറിവുകൾ കണ്ട കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. സംഭവദിവസം ശ്രീറാം ഒരു ഓട്ടോ ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് വ്യക്തമായതോടെ ബന്ധുക്കൾ അന്നപൂർണ്ണേശ്വരി നഗർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഡോ. ബി.ആർ. അംബേദ്കർ കോളേജിന് സമീപത്തുവെച്ച് വീട്ടിലേക്ക് പോകാനായി ശ്രീറാം ഓട്ടോ വിളിച്ച് കയറുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ഓട്ടോക്കൂലിയെച്ചൊല്ലി ഡ്രൈവർ പൃഥ്വിരാജുമായി വാക്കേറ്റമുണ്ടായതോടെ യാത്ര വേണ്ടെന്നുവെച്ച് ശ്രീറാം നടന്നുപോവുകയായിരുന്നു.

തുടർന്ന് ഓട്ടോയിൽ പിന്നാലെയെത്തിയ പൃഥ്വിരാജും കൂട്ടാളികളും ശ്രീറാമിനെ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ശ്രീറാമിന്റെ മൊബൈൽ ഫോണും പണവും കവർന്ന ശേഷമാണ് സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. അക്രമത്തിൽ പരിക്കേറ്റ ശ്രീറാം കുറച്ചുദൂരം മുന്നോട്ട് നടന്നുവെങ്കിലും റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവവും രക്തം കട്ടപിടിച്ചതുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ബന്ധുക്കളുടെ പരാതിയുടെയും പോസ്റ്റുമോർട്ടം കണ്ടെത്തലിന്റെയും അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലുമാണ് ഇതൊരു കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts