ബെംഗളൂരു: ബെംഗളൂരു നോർത്ത് താലൂക്കിലെ കമ്മഗൊണ്ടനഹള്ളിയിൽ കടയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒന്നിനുപുറകെ ഒന്നായി 23 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ഒക്ടോബർ 25-നാണ് പ്രദേശ്ത്തെ നടുക്കിയ ഈ സംഭവം നടന്നത്. ആറു കിലോഗ്രാം വീതം ഭാരമുള്ള സിലിണ്ടറുകളാണ് തുടരെത്തുടരെ പൊട്ടിത്തെറിച്ചത്.
പാചകവാതക സിലിണ്ടറുകൾക്ക് പുറമേ പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയ എളുപ്പത്തിൽ തീപിടിക്കുന്ന ഇന്ധനങ്ങളും ഈ കടയിൽ സൂക്ഷിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. ഇവയുടെ സാന്നിധ്യമാണ് തീയുടെ തീവ്രത വർദ്ധിപ്പിച്ചതെന്നാണ് പ്രാരംഭ നിഗമനം.
അപകടവിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. ഗംഗമ്മഗുഡി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ, തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
