പെട്ടെന്നുള്ള ആസ്വാസ്ഥ്യം; ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: ഹൃദയമിടിപ്പിൽ പെട്ടെന്നുണ്ടായ വ്യതിയാനത്തെയും നേരിയ ശ്വാസതടസ്സത്തെയും തുടർന്ന് കർണാടക ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വരയെ വൈദേഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തെ പരിശോധിച്ച ഡോ. വി.കെ. ശ്രീനിവാസ് അറിയിച്ചു.

പതിവുപോലെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഉപമുഖ്യമന്ത്രിക്ക് പെട്ടെന്ന് വേഗത്തിലുള്ള ഹൃദയമിടിപ്പും ശ്വാസതടസ്സവും അനുഭവപ്പെട്ടത്. എന്നാൽ അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ ഇ.സി.ജി പരിശോധനകൾ നടത്തുകയും ആവശ്യമായ മരുന്നുകൾ നൽകുകയും ചെയ്തതോടെ മിനിറ്റുകൾക്കുള്ളിൽ ഹൃദയമിടിപ്പ് സാധാരണ നിലയിലായി.

ഹൃദയത്തിലെ വൈദ്യുത തരംഗങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനം മൂലമാണ് (ഷോർട്ട് സർക്യൂട്ട് മോഡൽ) ഹൃദയമിടിപ്പിന്റെ നിരക്ക് ഉയർന്നത്. സാധാരണ ഗതിയിൽ മിനിറ്റിൽ 60-70 വരെയുണ്ടാകുന്ന ഹൃദയമിടിപ്പാണ് അദ്ദേഹത്തിന് പെട്ടെന്ന് വർദ്ധിച്ചത്. എന്നാൽ ഉചിതമായ ചികിത്സ ലഭ്യമാക്കിയതോടെ ഇത് നിയന്ത്രണവിധേയമായി. ഈ പ്രശ്നം വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് അദ്ദേഹത്തെ മെഡിക്കൽ മേൽനോട്ടത്തിൽ നിരീക്ഷിക്കുന്നത്.

ഡോ. ജി. പരമേശ്വരയ്ക്ക് മുൻപ് ഹൃദയസംബന്ധമായ രോഗങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് മെഡിക്കൽ സംഘം അറിയിച്ചു. നിലവിൽ അദ്ദേഹം സാധാരണ രീതിയിൽ ഭക്ഷണവും പാനീയങ്ങളും കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. വൈദ്യശാസ്ത്രപരമായി അദ്ദേഹം ഡിസ്ചാർജ് ചെയ്യാൻ സജ്ജനാണെങ്കിലും, ഡോക്ടർമാരുടെ നിർദേശപ്രകാരം കുറച്ചുസമയം കൂടി വിശ്രമിച്ച ശേഷമായിരിക്കും മടങ്ങുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts