ടോൾ പ്ലാസകൾക്ക് സമീപമുള്ള താമസക്കാരുടെ ശ്രദ്ധയ്ക്ക്: ആനുകൂല്യം ലഭിക്കാത്ത റൂട്ടുകൾ; നവംബർ 1 മുതൽ പുതിയ നിയമങ്ങൾ നിലവിൽ വരും

ന്യൂഡൽഹി: ദേശീയ പാതകളിലെ ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്നവർക്കും പ്രാദേശിക സ്വകാര്യ വാഹന ഉടമകൾക്കും വലിയ സാമ്പത്തിക ആശ്വാസമേകുന്ന തീരുമാനവുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ടോൾ പ്ലാസകളുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന യോഗ്യരായ സ്വകാര്യ വാഹന ഉടമകൾക്കായി ഇളവ് നിരക്കിൽ ‘വാർഷിക ലോക്കൽ ഫാസ്റ്റ് ടാഗ് പാസ്’ പദ്ധതി കേന്ദ്ര സർക്കാർ അവതരിപ്പിച്ചു. ‘ദേശീയ പാത ടോൾ അഞ്ചാം ഭേദഗതി നിയമങ്ങൾ, 2026′ പ്രകാരം കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ ഭേദഗതി വരും മാസമായ നവംബർ 1 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

വാർഷിക ഫീസും സാമ്പത്തിക ലാഭവും

ടോൾ പ്ലാസ സ്ഥിതി ചെയ്യുന്ന സ്ഥലം അടിസ്ഥാനമാക്കി രണ്ട് തരം വാർഷിക ഫീസുകളാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. മുനിസിപ്പാലിറ്റിയുടെയോ പ്രാദേശിക പട്ടണത്തിന്റെയോ അതിർത്തിക്ക് പുറത്തുള്ള ഗ്രാമപ്രദേശങ്ങളിലെ ടോൾ പ്ലാസകൾക്ക് വാർഷിക ഫീസ് 1,500 രൂപയും, നഗരപ്രദേശങ്ങളിലെ ടോൾ പ്ലാസകൾക്ക് 3,000 രൂപയുമാണ് നിരക്ക്. നിലവിൽ പ്രതിമാസം 360 രൂപ നിരക്കിൽ പ്രതിവർഷം 4,320 രൂപയോളം ടോൾ ഇനത്തിൽ നൽകിയിരുന്ന പ്രാദേശിക യാത്രക്കാർക്ക് പുതിയ പദ്ധതിയിലൂടെ വർഷത്തിൽ കുറഞ്ഞത് 2,820 രൂപ വരെ സാമ്പത്തിക ലാഭം ലഭിക്കും.

പാസിന് അപേക്ഷിക്കാനുള്ള യോഗ്യതകളും വ്യവസ്ഥകളും

ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വ്യക്തികൾക്ക് കൃത്യമായ വിലാസ തെളിവ് ഹാജരാക്കി ഈ ആനുകൂല്യത്തിന് അപേക്ഷിക്കാം. വാണിജ്യേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയ്ക്ക് മാത്രമേ ഈ ഇളവ് ലഭ്യമാകൂ. കൂടാതെ വാഹനത്തിൽ കൃത്യമായി പ്രവർത്തിക്കുന്ന ഫാസ്റ്റ് ടാഗ് ഉണ്ടായിരിക്കേണ്ടതും അത്യാവശ്യമാണ്. ഈ പാസ് വാങ്ങുന്ന നിർദ്ദിഷ്ട ടോൾ പ്ലാസയിൽ മാത്രമായിരിക്കും ഇതിന്റെ സാധുത. രാജ്യത്തുടനീളം ഉപയോഗിക്കാൻ കഴിയുന്ന സാർവത്രിക ദേശീയ പാസല്ല ഇതെന്ന് അധികൃതർ വ്യക്തമാക്കി.

ആനുകൂല്യം ലഭിക്കാത്ത റൂട്ടുകൾ

പ്രത്യേക ടോൾ പിരിവ് സംവിധാനമുള്ള ചില ദേശീയ പാതകളിലോ എക്സ്പ്രസ് വേകളിലോ ഈ വാർഷിക പാസ് ആനുകൂല്യം ലഭ്യമാകില്ല. കൂടാതെ പ്രാദേശിക ഗതാഗതത്തിനായി നിലവിൽ സൗജന്യ സർവീസ് റോഡോ മറ്റ് ബദൽ റോഡുകളോ ലഭ്യമാക്കിയിട്ടുള്ള ടോൾ പ്ലാസകളിലും ഈ സൗകര്യം അനുവദിക്കില്ലെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts