ഇടിച്ചിട്ട മൂന്ന് പേരും സ്പോട്ടിൽ തീർന്നു; ഒന്നാം പ്രതി സുഹൈൽ സജീവന് കുരുക്കായി സഹയാത്രികന്റെ ശബ്ദസന്ദേശം; അറിയാൻ വായിക്കാം

കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗതയിലെത്തിയ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവന് കുരുക്കായി സഹയാത്രികനായ ജോയലിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. അപകടത്തിന് മുൻപും ശേഷവും നടന്ന നിർണ്ണായക വിവരങ്ങൾ അടങ്ങിയതാണ് ജോയൽ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം. പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ ജില്ലാ കോടതി കേസിലെ വിധി പറയൽ മറ്റന്നാളത്തേക്ക് (ബുധനാഴ്ച) മാറ്റി.

അപകട ദിവസം രാവിലെ 9:25-നാണ് ജോയൽ തന്റെ സുഹൃത്തിന് ശബ്ദസന്ദേശം അയച്ചത്. അപകടത്തിന് തൊട്ടുമുമ്പ് ഇവർ ബാറിലിരുന്ന് മദ്യപിച്ചിരുന്നുവെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നു. സുഹൈൽ സജീവ് നേരത്തെ മദ്യപിച്ചിരുന്നതിന് പുറമെ വീണ്ടും മദ്യപിക്കുകയായിരുന്നുവെന്നും താൻ ബീർ കഴിച്ചുവെന്നും ജോയൽ പറയുന്നുണ്ട്. തുടർന്ന് അമിത വേഗതയിൽ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിന് ശേഷം തന്നോടും അമീനോടും രക്ഷപ്പെട്ടോളാൻ നിർദേശിച്ചത് നിനവാണെന്നും, അപകടത്തിന്റെയും മരണത്തിന്റെയും ഭീതിജനകമായ ദൃശ്യങ്ങൾ കണ്ടതിന്റെ വിറയൽ ഇപ്പോഴും മാറിയിട്ടില്ലെന്നുമാണ് ഒരു മിനിറ്റും 43 സെക്കൻഡും ദൈർഘ്യമുള്ള ശബ്ദസന്ദേശത്തിലുള്ളത്.

അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷനും കൊല്ലപ്പെട്ട ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകനുമാണ് ഈ ശബ്ദസന്ദേശം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ഒന്നാം പ്രതി സുഹൈൽ സജീവിന്റെ രക്ത-മൂത്ര പരിശോധനാ ഫലത്തിൽ മദ്യത്തിന്റെ അളവ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികൾ മറ്റെന്തെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനാ ഫലവും കാറിന്റെ ഇവന്റ് ഡാറ്റാ റെക്കോർഡർ (EDR) പരിശോധനാ വിവരങ്ങളും വരാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.

എന്നാൽ പ്രതികൾ കഴിഞ്ഞ 14 ദിവസത്തിലധികമായി റിമാൻഡിലാണെന്നും, പൊലീസിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായതാണെന്നും പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കി. 19 വയസ്സ് മാത്രം പ്രായമുള്ള പ്രതികളെ ഇനി തുടർന്നും ജയിലിൽ അടച്ചിടുന്നത് ശരിയല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി, ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പ്രസ്താവിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts