ഓട്ടോറിക്ഷകളുടെ മിനിമം യാത്രാനിരക്ക് 50 രൂപ, ഓരോ കിലോമീറ്റിറിനും 25 രൂപ; വെയ്റ്റിങ് ചാർജും കൂടും

ചെന്നൈ: മെട്രോപൊളിറ്റൻ ഏരിയ ഉൾപ്പെടെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് ഓട്ടോറിക്ഷകളുടെ യാത്രാനിരക്ക് സർക്കാർ പുതുക്കി നിശ്ചയിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. പുതുക്കിയ നിരക്കനുസരിച്ച് ആദ്യ 1.8 കിലോമീറ്ററിന് മിനിമം ചാർജ് 50 രൂപയായിരിക്കും. ഇതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതം അധികമായി നൽകണം. അതത് പ്രദേശങ്ങളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ പുതിയ നിരക്കുകൾ ഉടനടി പ്രാബല്യത്തിൽ വരുത്താൻ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്കും റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റികൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

സാധാരണ നിരക്കുകൾക്കു പുറമെ മലയോര മേഖലകളിലെ യാത്രകൾക്കും രാത്രികാല യാത്രകൾക്കും വെയ്റ്റിങ് ചാർജിനും പ്രത്യേക നിരക്കുകൾ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മിനിറ്റിന് ഒരു രൂപ നിരക്കിലാണ് ഇനി വെയ്റ്റിങ് ചാർജ് ഈടാക്കുക. പഴയ നിരക്ക് 5 മിനിറ്റിന് 3.50 രൂപയായിരുന്നു. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയുള്ള യാത്രകൾക്കു സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടി നൽകണം. മലയോര മേഖലകളിൽ മിനിമം ചാർജ് 60 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതവുമായിരിക്കും നിരക്ക്.

2013 ഓഗസ്റ്റ് 25, 2014 ഒക്ടോബർ 16 എന്നീ തീയതികളിൽ പുറപ്പെടുവിച്ച മുൻകാല വിജ്ഞാപനങ്ങൾ റദ്ദാക്കിക്കൊണ്ടാണ് സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി എ. കാർത്തിക് പുതിയ ഉത്തരവ് ഇറക്കിയത്. അടുത്തിടെ ആവിൻ നെയ്യ്, വെണ്ണ, തൈര്, പാല് കൊണ്ടുള്ള മധുരപലഹാരങ്ങൾ എന്നിവയുടെ വില തമിഴ്‌നാട് സർക്കാർ വർധിപ്പിച്ചിരുന്നു. ഉൽപാദനച്ചെലവ് വർധിച്ചതിനെത്തുടർന്ന് 100 മില്ലി ആവിൻ നെയ്യുടെ വില 80 രൂപയിൽനിന്ന് 95 രൂപയായും 200 മില്ലിയുടെ വില 160 രൂപയിൽനിന്ന് 180 രൂപയായുമാണ് ഉയർത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഓട്ടോ നിരക്കിലും വർധനവ് വരുത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts