ബെംഗളൂരു, ഓഗസ്റ്റ് 03: പാചകവാതക സിലിണ്ടർ ക്ഷാമവും വിലവർധനവും ഉണ്ടാക്കുന്ന പ്രതിസന്ധികൾക്കിടയിലും, നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പുതിയ രീതിയിലുള്ള സിലിണ്ടർ മോഷണം വ്യാപകമാകുന്നു. ഓട്ടോറിക്ഷകളിൽ എത്തി വീടുകളിൽ നിന്ന് നിമിഷനേരം കൊണ്ട് സിലിണ്ടറുകൾ കടത്തിക്കൊണ്ടുപോകുന്ന സംഘമാണ് ഇപ്പോൾ ബെംഗളൂരുവിൽ ഭീതി പടർത്തുന്നത്.
ബെംഗളൂരു നോർത്ത് താലൂക്കിലെ ഗുണി അഗ്രഹാര, ലക്ഷ്മിപൂർ തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത്തരത്തിൽ വ്യാപക മോഷണമാണ് നടക്കുന്നത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വീടുകളിൽ അതിക്രമിച്ചു കയറുന്ന മോഷ്ടാക്കൾ ചുരുങ്ങിയ സമയം കൊണ്ട് പത്തിലധികം സിലിണ്ടറുകളാണ് ഇതിനോടകം കവർന്നത്.
ഓട്ടോറിക്ഷയിലെത്തുന്ന രണ്ട് അപകടകാരികളായ വ്യക്തികൾ അടച്ചിട്ട വീടുകളിലും പരിസരങ്ങളിലും കയറി ഞൊടിയിടയിൽ സിലിണ്ടറുകളുമായി കടന്നുകളയുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ആശങ്കയിലാണ് നാട്ടുകാർ.
സംഭവത്തിൽ സോളദേവനഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാക്കളെ കണ്ടെത്താനായി പോലീസ് ഊർജിതമായ തിരച്ചിൽ നടത്തിവരികയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയകരമായ സാഹചര്യങ്ങളിൽ ആളെ കണ്ടാൽ ഉടനടി പോലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]