ബെംഗളൂരു: കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി നഗരത്തിലേക്ക് പുതുതായി എത്തുന്ന 4,500 ഇലക്ട്രിക് ബസുകൾക്കായി വിപുലമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി). ഇതിന്റെ ഭാഗമായി 31 ഡിപ്പോകളിൽ കൂടി പുതിയ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. നിലവിൽ 10 ഡിപ്പോകളിൽ മാത്രമാണ് ചാർജിങ് സൗകര്യമുള്ളത്. ഇതിൽ 12 ഡിപ്പോകൾ പൂർണ്ണമായും ഇലക്ട്രിക് ബസുകളുടെ പ്രവർത്തനങ്ങൾക്കായി മാത്രം മാറ്റിവെയ്ക്കാനാണ് ബിഎംടിസി ലക്ഷ്യമിടുന്നത്.
അടിസ്ഥാന സൗകര്യങ്ങൾക്ക് 1,505 കോടി രൂപ സബ്സിഡി
പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതി പ്രകാരം 1,505 കോടി രൂപയാണ് ബിഎംടിസിക്ക് സബ്സിഡിയായി ലഭിക്കുക. എന്നാൽ ഈ തുക ഉപയോഗിച്ച് ബസുകൾ നേരിട്ട് വാങ്ങുന്നതിന് പകരം, ഇ-ബസുകൾക്കായുള്ള ചാർജിങ് സ്റ്റേഷനുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനാണ് ഉപയോഗിക്കുക. ബസുകൾ ബിഎംടിസി നിശ്ചയിക്കുന്ന വാടക നിരക്കിൽ സ്വകാര്യ കമ്പനികളാണ് സർവീസ് നടത്തുക. നിലവിൽ ബിഎംടിസിയുടെ പക്കലുള്ള 6,955 ബസുകളിൽ 1,768 എണ്ണം ഇലക്ട്രിക് ബസുകളാണ്.
അയൽ ജില്ലകളിലേക്ക് സർവീസ് വിപുലീകരണം; 5 പുതിയ ഡിപ്പോകൾ വരുന്നു
ബിഎംടിസിക്ക് സമീപ ജില്ലകളിലേക്ക് കൂടി സർവീസ് വ്യാപിപ്പിക്കാൻ അനുമതി ലഭിച്ചതിനെ തുടർന്ന് ബെംഗളൂരു ഗ്രാമാന്തരം, ബെംഗളൂരു സൗത്ത് ജില്ലകളിലായി അഞ്ച് പുതിയ ഡിപ്പോകൾ സ്ഥാപിക്കും. സിദ്ധാപുര, കാവൽഹൊസഹള്ളി, ആരേഹള്ളി, ശിവകോട്ടെ, ചിക്കബെട്ടഹള്ളി, ബുക്കസാഗര എന്നിവിടങ്ങളിലാണ് പുതിയ ഡിപ്പോകൾ ഉയരുക. പുതിയ ഡിപ്പോകൾ യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് ബസ് സർവീസുകൾ വ്യാപിപ്പിക്കാൻ സാധിക്കും. പുതിയ റൂട്ടുകൾ കണ്ടെത്തുന്നതിനായുള്ള പ്രാഥമിക സർവേ നടപടികൾക്ക് ബിഎംടിസി തുടക്കം കുറിച്ചിട്ടുണ്ട്.
