രാത്രിയുടെ മറവിൽ ‘അടിവസ്ത്രം മാത്രം’ ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ ‘ഛഡ്ഡി ഗാങ്’ വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!

ബെംഗളൂരു: ബെംഗളൂരുവിന്റെ പ്രാന്തപ്രദേശമായ ആനേക്കൽ താലൂക്കിൽ ഭീതി പരത്തി വീണ്ടും ‘ഛഡ്ഡി ഗാങ്’ സജീവം. ശനിയാഴ്ച രാത്രി കുമ്പരനഹള്ളിയിലെ സെലിബ്രിറ്റി ഇക്കോ ഫ്രണ്ട് പ്രദേശത്താണ് മുഖംമൂടി ധരിച്ചെത്തിയ കവർച്ചാസംഘം രണ്ട് വീടുകളിൽ മോഷണശ്രമം നടത്തിയത്. പ്രദേശവാസികളായ ചന്ദ്രശേഖർ, രാമ റെഡ്ഡി എന്നിവരുടെ വീടുകളാണ് അക്രമികൾ ലക്ഷ്യമിട്ടത്.

രാത്രിയുടെ മറവിലെത്തിയ സംഘം വീടുകളുടെ പ്രധാന ഗേറ്റുകൾ കുത്തിത്തുറന്ന് അകത്തുകടക്കാൻ ശ്രമിക്കുകയും കോമ്പൗണ്ടിൽ പ്രവേശിച്ച് കവർച്ചയ്ക്കുള്ള പദ്ധതി തയ്യാറാക്കുകയുമായിരുന്നു. സംഘത്തിലെ ചിലർ പ്രധാന റോഡിൽ കാവൽ നിൽക്കുമ്പോൾ മറ്റ് രണ്ടുപേരാണ് വീടുകൾക്ക് സമീപത്തേക്ക് നീങ്ങിയത്.

അതിനിടെ, സംശയാസ്പദമായ ശബ്ദം കേട്ട് സമീപത്തെ ബ്ലോക്കിലെ ഒരു സ്ത്രീ ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടത്. ഇവർ ബഹളം വെച്ചതോടെ പരിഭ്രാന്തരായ മോഷ്ടാക്കൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രദേശത്തെ സിസിടിവി ക്യാമറകളിൽ കവർച്ചാസംഘത്തിന്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അടിവസ്ത്രം മാത്രം ധരിച്ച് മുഖംമൂടിയണിഞ്ഞാണ് സംഘം എത്തിയത് എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ജിഗാനി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും രക്ഷപ്പെട്ട മോഷ്ടാക്കൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും ജിഗാനി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts