ബെംഗളൂരു: ഗാന്ധിജയന്തി അവധി ദിനങ്ങളിൽ സുഹൃത്തുക്കളോടൊപ്പം ട്രെക്കിങ്ങിന് പോയ ഐടി ജീവനക്കാരൻ കൽ ക്വാറിയിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയും നിലവിൽ ബെംഗളൂരുവിലെ ഹലാസൂരിൽ താമസക്കാരനുമായ ഗണേഷ് ആഞ്ജനേയ വിനയ് (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഡൽഹി ഐഐടിയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വിനയ് ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ യുഎക്സ് ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു.
ഗാന്ധിജയന്തി അവധിയുടെ ഭാഗമായി ഇൻസ്റ്റാഗ്രാം ഗ്രൂപ്പിലൂടെ പരിചയപ്പെട്ട 8 പേരടങ്ങുന്ന സംഘത്തോടൊപ്പം ഒക്ടോബർ രണ്ടിനാണ് വിനയ് ജിഗാനിക്ക് സമീപമുള്ള യല്ലമ്മന ദോഡിയിലേക്ക് ട്രെക്കിംഗിനായി പോയത്. വിനയുടെ ഭാവി വധുവും മൃഗഡോക്ടറുമായ യുവതിയും ഈ സംഘത്തിൽ ഉണ്ടായിരുന്നു. ട്രെക്കിംഗ് പൂർത്തിയാക്കി മടങ്ങുന്നതിനിടെ, സംഘത്തിലുള്ളവരെല്ലാം യല്ലമ്മന ദോഡിക്ക് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട ഒരു കൽ ക്വാറിയിലെ വെള്ളത്തിലേക്ക് നീന്താനായി ഇറങ്ങി.
ഒന്നര മണിക്കൂറോളം നീന്തിയ ശേഷം വൈകുന്നേരം 5.30-ഓടെ വിനയ് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ജിഗാനി പോലീസിലും ഫയർ ഫോഴ്സിലും വിവരമറിയിച്ചു. എസ്ഡിആർഎഫ്, എൻഡിആർഎഫ് സേനകളും പ്രാദേശിക നീന്തൽക്കാരും മാൽപെയിലെ പ്രശസ്ത മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെയും സംഘവും സ്ഥലത്തെത്തി രണ്ട് ദിവസത്തോളം നീണ്ട തിരച്ചിൽ നടത്തി. തുടർന്ന് ഒക്ടോബർ നാലിന് ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് വിനയ്യുടെ മൃതദേഹം കണ്ടെത്താനായത്. സംഭവത്തിൽ മരിച്ചയാളുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജിഗാനി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]