ന്യൂഡല്‍ഹി: ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നവര്‍ക്കും സംസാരിക്കുന്നവര്‍ക്കും എതിരെ കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മൊബൈല്‍ ഫോണില്‍ സ്പീക്കര്‍ ഓണാക്കി ഓഡിയോയോ വിഡിയോയോ പ്ലേ ചെയ്ത് സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. യാത്രക്കാര്‍ മൊബൈല്‍ ഫോണുകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും ഇയര്‍ഫോണുകള്‍ ഉപയോഗിച്ച് മാത്രമേ പാട്ടുകളും വീഡിയോകളും കേൾക്കാവൂ എന്നും റെയില്‍വേ അഭ്യര്‍ഥിച്ചു.
എസി കോച്ചുകള്‍ പോലുള്ള അടഞ്ഞ ഇടങ്ങളില്‍ ഉച്ചത്തിലുള്ള ഫോണ്‍ സംഭാഷണങ്ങളും ദീര്‍ഘനേരമുള്ള സംഗീതവും റിങ്ടോണുകളും മറ്റുള്ളവരുടെ യാത്ര സമാധാനം കെടുത്തുന്നു എന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് നീക്കം. രാപകലില്ലാതെ നടക്കുന്ന ഇത്തരം ശല്യങ്ങള് ഒഴിവാക്കി യാത്ര സുഖകരമാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഫോണ്‍ സംഭാഷണങ്ങള്‍ കുറഞ്ഞ ശബ്ദത്തില്‍ മാത്രമാക്കണമെന്നും നിർദേശമുണ്ട്.
ജന്‍ വിശ്വാസ് (ഭേദഗതി) നിയമം 2026 അനുസരിച്ചാണ് ഇത്തരം ശല്യമുണ്ടാക്കുന്ന പെരുമാറ്റങ്ങൾക്ക് വലിയ ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിയമലംഘനം നടത്തുന്നവരിൽ നിന്ന് ആയിരം രൂപ പിഴ ഈടാക്കുകയും ടിക്കറ്റോ പാസോ കണ്ടുകെട്ടി റെയിൽവേ പരിസരത്തുനിന്ന് പുറത്താക്കുകയും ചെയ്യും. റെയില്‍വേ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ച് ഉച്ചത്തില്‍ പാട്ടു വെക്കുന്നത് തുടരുകയാണെങ്കിൽ ആറുമാസം വരെ തടവോ 5,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരുമെന്നും റെയില്‍വേ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]