ബെംഗളൂരു: റോഡിലെ ഭീമൻ കുഴിയുടെ അപകടാവസ്ഥ അധികൃതരുടെ കണ്ണുതുറപ്പിക്കാനായി റോഡിനുള്ളിലിറങ്ങി തൽസമയ റിപ്പോർട്ടിംഗ് നടത്തി മാധ്യമപ്രവർത്തകൻ. ബംഗളൂരു കാന്തീരവ സ്റ്റുഡിയോ മെയിൻ റോഡിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് റോഡിനടിയിൽ സ്വാഭാവിക തുരങ്കത്തിന് സമാനമായ ഭീമൻ ഗർത്തം രൂപപ്പെട്ടത്. അപകടകരമായ കുഴിയിലിരുന്ന് മാധ്യമപ്രവർത്തകൻ കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോ പുറത്തുവന്നതോടെ ബംഗളൂരുവിലെ റോഡുകളുടെ മോശം അവസ്ഥയ്ക്കെതിരെ ജനങ്ങളും പ്രതിപക്ഷവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
മഴവെള്ളം കൃത്യമായി ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാൽ റോഡിനടിയിലൂടെ വെള്ളം കുത്തിയൊഴുകിയതാണ് മണ്ണൊലിപ്പിനും റോഡിന്റെ തകർച്ചയ്ക്കും കാരണമായത്. മാൻഹോളിലേക്ക് വെള്ളമൊഴുകിയപ്പോൾ റോഡിന്റെ അടിഭാഗം പൂർണ്ണമായും ഒലിച്ചുപോയി അടിയിൽ ഒരു വലിയ ഗുഹ പോലെ രൂപപ്പെടുകയായിരുന്നു. എന്നാൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് പകരം കോൺക്രീറ്റ് അവശിഷ്ടങ്ങളും നിർമ്മാണ അവശിഷ്ടങ്ങളും ഇട്ട് കുഴി നികത്താനാണ് അധികൃതർ ശ്രമിച്ചത്. ഇതുവഴി വാഹനങ്ങൾ ഇപ്പോഴും അപകടകരമായ രീതിയിലാണ് കടന്നുപോകുന്നത്.
സുരന കോളേജിനും നന്ദിനി ലേഔട്ടിനും ഇടയിലുള്ള ഒരു കിലോമീറ്ററോളം വരുന്ന ഈ റോഡ് പീന്യ, യശ്വന്ത്പൂർ വ്യവസായ മേഖലകളെയും ജനവാസ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണെന്നും വിവിധ സർവീസ് ഏജൻസികൾ നിരന്തരം റോഡ് വെട്ടിപ്പൊളിക്കുന്നതാണ് സ്ഥിതി വഷളാക്കിയതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. വേനൽക്കാലത്ത് കടുത്ത പൊടിപടലവും മഴക്കാലത്ത് അപകടകരമായ കുഴികളും കാരണം ഇതുവഴിയുള്ള യാത്ര അത്യന്തം ദുസ്സഹമാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
സംഭവം വിവാദമായതോടെ വിഷയത്തിൽ വിശദീകരണവുമായി ബംഗളൂരു വെസ്റ്റ് സിറ്റി കോർപ്പറേഷൻ കമ്മീഷണർ രാജേന്ദ്ര കെ.വി രംഗത്തെത്തി. സ്പെഷ്യൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റിന് കീഴിൽ റോഡ് ടാർ ചെയ്യുന്നതിനായി ഫണ്ട് അനുവദിച്ചിരുന്നെങ്കിലും, റോഡ് വൈറ്റ്ടോപ്പിംഗ് (Whitetopping) നടത്താമെന്ന് ബി-സ്മൈൽ (B-Smile) ഏജൻസി അറിയിച്ചതിനെ തുടർന്ന് പദ്ധതി വൈകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യത്തിൽ വൈറ്റ്ടോപ്പിംഗ് മൂന്നോ നാലോ വർഷത്തേക്ക് നീട്ടിവെക്കാനും, മഴ ശമിച്ചയുടൻ റോഡ് ഉടൻ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാനും ബി-സ്മൈലിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.’
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]