ബെംഗളൂരു : നഗരത്തിലെ ദാരുണമായ ഗതാഗതക്കുരുക്ക് വീണ്ടുമൊരു ജീവനെടുത്തു. നെഞ്ചുവേദനയെത്തുടർന്ന് അടിയന്തര വൈദ്യസഹായം ലഭിക്കാതെ റോഡിൽ കുടുങ്ങി കണ്ണൂർ സ്വദേശിയായ മലയാളി മരിച്ചു. ചന്ദാപുരയ്ക്ക് സമീപം ദേശീയപാത 44-ൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ദുരന്തം സംഭവിച്ചത്. ജോലി തിരഞ്ഞു ബംഗളൂരുവിലെത്തിയ കണ്ണൂർ സ്വദേശിയായ കെ.കെ. സജീർ (51) ആണ് മരിച്ചത്.
സുഹൃത്തായ നജാഫിനൊപ്പം ഒമേഗ ബോലേറോ പിക്കപ്പ് വാനിൽ ഹൊസൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സജീറിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. വഹാനമോടിക്കാൻ കഴിയാതെ വന്നതോടെ സജീർ വാഹനം നിർത്തുകയും ഡ്രൈവിംഗ് അറിയാത്ത നജാഫ് വഴിപോക്കരോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ ചന്ദാപുര ഫ്ലൈഓവറിന് മുകളിൽ വാഹനം കടുത്ത ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നു. തൊട്ടുതാഴെ ആശുപത്രി ദൃശ്യമായിരുന്നുവെങ്കിലും, വണ്ടികൾ മുന്നോട്ട് നീങ്ങാനാകാതെ റോഡിൽ കുടുങ്ങിയതോടെ 35 മിനിറ്റോളം സജീറിന് ആശുപത്രിയിൽ എത്തുവാൻ സാധിച്ചില്ല. പിന്നീട് ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സജീറിന്റെ ഭാര്യ റഹീനയും ആറ് മക്കളുമടങ്ങുന്ന കുടുംബം കടുത്ത ദുഃഖത്തിലാണ്. ചൊവ്വാഴ്ച നാട്ടിൽ മൃതദേഹം സംസ്കരിച്ചു. അതേസമയം, ഹൊസൂർ റോഡ് ഇടനാഴിയിലെ കടുത്ത ഗതാഗതക്കുരുക്കിന് കാരണം റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണമാണെന്ന് ദേശീയപാത അതോറിറ്റിയും (എൻ.എച്ച്.എ.ഐ) പൊലീസും ആരോപിക്കുമ്പോൾ, തങ്ങളുടെ നിർമ്മാണ പ്രവർത്തനം റോഡിനെ ബാധിച്ചിട്ടില്ലെന്നാണ് റെയിൽവേ കെ-റൈഡ് അധികൃതരുടെ വിശദീകരണം. ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് വീണ്ടും ഒരു മനുഷ്യജീവൻ കൂടി കവർന്നതിന്റെ ഞെട്ടലിലാണ് പ്രവാസി മലയാളി സമൂഹം.
