ബെംഗളൂരുവിലെ പ്രതിഷേധം ധ്രുവ് രാഠിക്ക് പണിയാകുമോ? യൂട്യൂബറുടെ പൗരത്വവും വിസയും പരിശോധിക്കാൻ ആവശ്യംച; കാരണം ഇത്

ബംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ (എസ്.ഐ.ആർ) ബെംഗളൂരുവിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത പ്രമുഖ യൂട്യൂബർ ധ്രുവ് രാഠിയുടെ പൗരത്വവും വിസ നിലയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കണമെന്ന് മുൻ ബംഗളൂരു പോലീസ് കമ്മീഷണർ ഭാസ്കർ റാവു ആവശ്യപ്പെട്ടു. ജർമ്മൻ പൗരത്വമുണ്ടെന്ന് കരുതപ്പെടുന്ന ഒരു വിദേശ പൗരന് ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെയുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ നിയമപരമായി അവകാശമുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു.

ചൊവ്വാഴ്ച ബംഗളൂരു ഫ്രീഡം പാർക്കിൽ സിവിൽ സൊസൈറ്റികളും സി.ജെ.പിയും സംയുക്തമായി സംഘടിപ്പിച്ച ‘പീപ്പിൾസ് ട്രിബ്യൂണൽ’ എന്ന പ്രതിഷേധ പരിപാടിയിൽ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്, കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ എന്നിവർക്കൊപ്പം ധ്രുവ് രാഠിയും പങ്കെടുത്തിരുന്നു. ചടങ്ങിൽ ഇന്ത്യാ ഇലക്ഷൻ കമ്മീഷന്റെ വോട്ടർപട്ടിക പരിഷ്കരണ നടപടികളെ ഇരുവരും ശക്തമായി വിമർശിച്ചിരുന്നു.

ഇന്ത്യയിലെത്തിയിട്ടുള്ള വിദേശ പൗരൻമാർ ഇവിടുത്തെ രാഷ്ട്രീയ പ്രതിഷേധങ്ങളുടെ ഭാഗമാകുന്നത് വിസ ചട്ടങ്ങളുടെ ലംഘനമാണോ എന്ന് പരിശോധിക്കണമെന്ന് ഭാസ്കർ റാവു കത്തിൽ ചൂണ്ടിക്കാട്ടി. ധ്രുവ് രാഠി ഇന്ത്യയിലേക്ക് വരാൻ ഉപയോഗിച്ച പാസ്‌പോർട്ട്, നിലവിലെ പൗരത്വം, വിസ വിഭാഗം, സന്ദർശന ലക്ഷ്യം എന്നിവ വ്യക്തമാക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറാകണം. ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ മുൻകൂർ അനുമതി ആവശ്യമായിരുന്നോ എന്നും അദ്ദേഹം ചോദിക്കുന്നു.

1946-ലെ ഫോറിനേഴ്‌സ് ആക്ട്, വിസ നിബന്ധനകൾ, ഒ.സി.ഐ (OCI) നിയമങ്ങൾ എന്നിവയുടെ ലംഘനം നടന്നിട്ടുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കണമെന്നും റാവു ആവശ്യപ്പെട്ടു. ഇത് വ്യക്തിപരമായ അഭിപ്രായവ്യത്യാസത്തിന്റെയോ രാഷ്ട്രീയ വിരോധത്തിന്റെയോ പേരിലല്ലെന്നും, രാജ്യത്തെ നിയമങ്ങൾ വിദേശ പൗരന്മാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണെന്നും 2023-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ഭാസ്കർ റാവു വ്യക്തമാക്കി. വിഷയം വ്യക്തമായി പരിശോധിക്കുന്നതിനായി ഇമിഗ്രേഷൻ, എൻട്രി-എക്സിറ്റ് രേഖകൾ സൂക്ഷിച്ചുവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts