ബെംഗളൂരു വിമാനത്താവളത്തിൽ ക്യു.ആർ. കോഡ് ഉപയോഗിച്ച് ഹൈടെക് ഭിക്ഷാടനം; യുവാവ് പിടിയിൽ

ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലയിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യത്യസ്തമായ രീതിയിൽ യാത്രക്കാരിൽ നിന്ന് പണം തട്ടിയ ഡൽഹി സ്വദേശി പിടിയിൽ. അമിൻ എന്നയാളാണ് വിമാനത്താവളത്തിൽ വെച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

ബാഗുകളോ പഴ്‌സുകളോ നഷ്ടപ്പെട്ടുവെന്ന് വ്യാജേനെ യാത്രക്കാരുടെ അടുത്തെത്തി സഹായം അഭ്യർത്ഥിക്കുകയും, പണത്തിന് പകരം തന്റെ മൊബൈൽ ഫോണിലെ ക്യു.ആർ. കോഡ് കാണിച്ച് ഡിജിറ്റലായി പണം വാങ്ങി വഞ്ചിക്കുകയുമായിരുന്നു ഇയാളുടെ രീതി. ഈ മാർഗത്തിലൂടെ ഇയാൾ യാത്രക്കാരിൽ നിന്ന് ആയിരക്കണക്കിന് രൂപയാണ് പിരിച്ചെടുത്തത്.

വിമാനത്താവളത്തിൽ അമിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നിരവധി ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ പുറത്തുവന്നത്. ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന അമിൻ, വിമാന പുറപ്പെടും സമയത്തിന് വളരെ മുൻകൂട്ടിത്തന്നെ വിമാനത്താവളത്തിലെത്തിയാണ് ഈ തട്ടിപ്പ് നടത്തിയിരുന്നത്.

വിമാനത്താവള പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. മുംബൈ ഉൾപ്പെടെയുള്ള രാജ്യത്തെ മറ്റ് പ്രധാന വിമാനത്താവളങ്ങളിലും സമാനമായ രീതിയിൽ ഹൈടെക് ഭിക്ഷാടനവും തട്ടിപ്പും നടത്തുന്ന ഒരു സംഘം സജീവമാണെന്നതിന്റെ പ്രാഥമിക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് ഇയാൾക്ക് കർശന മുന്നറിയിപ്പ് നൽകിയ ശേഷം പോലീസ് വിട്ടയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts