ലഖ്നൗ: ക്ലാസ് മുറിയിലിരുന്ന് വിദ്യാർഥിയുടെ തലയിൽ തബല കൊട്ടുന്ന രീതിയിൽ തട്ടി ക്രൂരവിനോദത്തിൽ ഏർപ്പെട്ട പ്രൈമറി സ്കൂൾ അധ്യാപകന് സസ്പെൻഷൻ. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. അധ്യാപകനായ ദിനേഷ് കുമാർ മാത്തൂറിനെതിരെയാണ് ഗുരുതരമായ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ക്ലാസ് മുറിയിൽ കസേരയിലിരിക്കുന്ന ദിനേഷ് കുമാർ മാത്തൂർ, തറയിലിരിക്കുന്ന കുട്ടിയുടെ തലയിൽ ചെണ്ടയോ തബലയോ കൊട്ടുന്നതുപോലെ കൈകൊണ്ട് ശക്തിയായി തട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അധ്യാപകൻ അട്ടഹസിച്ചു ചിരിക്കുമ്പോൾ ചുറ്റുമിരിക്കുന്ന മറ്റ് വിദ്യാർഥികളും ഭയത്തോടെയല്ലാതെ ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അധ്യാപകൻ തന്നെയാണ് ഈ ക്രൂരവിനോദം മറ്റൊരാളെക്കൊണ്ട് മൊബൈൽ കാമറയിൽ പകർത്തി സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
വീഡിയോ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും പൊതുജനങ്ങളിൽ നിന്നും വിവിധ കോണുകളിൽ നിന്നും രൂക്ഷമായ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരുകയും ചെയ്തു. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതർ അടിയന്തരമായി ഇടപെടുകയായിരുന്നു. തുടർന്ന് ബേസിക് ശിക്ഷാ അധികാരി ഡോ. രാജേഷ് കുമാർ കുറ്റക്കാരനായ അധ്യാപകനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടു. സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]