ചെന്നൈ: കർണാടകയിലെ കാവേരി വന്യജീവി സങ്കേതത്തിൽ മൂന്ന് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ടി.വി.കെ അധ്യക്ഷനുമായ ജോസഫ് വിജയ് രംഗത്തെത്തി. സംഭവത്തിൽ കർണാടക സർക്കാരും വനംവകുപ്പും നൽകിയ വിശദീകരണം പൂർണ്ണമായും തള്ളിക്കളഞ്ഞ അദ്ദേഹം, വിഷയത്തിൽ സുതാര്യമായ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
നടന്നത് ക്രൂരമായ കൂട്ടക്കൊലയാണെന്ന് വിശേഷിപ്പിച്ച ജോസഫ് വിജയ്, നിഷ്പക്ഷമായ അന്വേഷണത്തിനായി ഒരു ഉന്നതതല സമിതിയെ ഉടൻ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. ഇരയായവരുടെ കുടുംബങ്ങൾക്ക് അർഹമായ സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ കർണാടക സർക്കാർ തയ്യാറാകണം. ഭാവിയിൽ ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം തൻ്റെ എക്‌സ് (ട്വിറ്റർ) സന്ദേശത്തിൽ കൂട്ടിച്ചേർത്തു. അതേസമയം ഡി.എം.കെ, സി.പി.ഐ, സി.പി.എം, പി.എം.കെ, എം.എം.കെ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികളും സംഭവത്തിൽ കർണാടക സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്
ശനിയാഴ്ച പുലർച്ചെ കർണാടകയിലെ ചാമരാജനഗർ ജില്ലയിലുള്ള ഹനൂർ താലൂക്കിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ആന്റണി സാമി, ജോൺ റോസ് പീറ്റർ, കുമാർ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മഹിമ ദാസ് എന്നയാൾ പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. വേട്ടയാടൽ തടയുന്നതിനുള്ള ശ്രമങ്ങൾക്കിടയിലാണ് വെടിവെയ്പ്പുണ്ടായതെന്നും കൊല്ലപ്പെട്ടവരുടെ പക്കൽ നാടൻ തോക്കും മാനിറച്ചിയും ഉണ്ടായിരുന്നെന്നുമാണ് കർണാടക വനംവകുപ്പിന്റെയും ആഭ്യന്തരമന്ത്രിയുടെയും വാദം. എന്നാൽ, ഈ അവകാശവാദങ്ങൾ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പരിക്കേറ്റയാളും പൂർണ്ണമായി നിഷേധിച്ചു. വനത്തിൽ കാണാതായ തങ്ങളുടെ കന്നുകാലികളെ തിരഞ്ഞിറങ്ങിയ സാധാരണക്കാരായ കർഷകരാണ് അതിക്രമത്തിന് ഇരയായതെന്ന് അവർ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
