മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

ബെംഗളൂരു: മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കുടകിലെത്തിയ ഡി.കെ. ശിവകുമാർ ഭാഗമണ്ഡലത്തിലെ പ്രശസ്തമായ ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ പ്രത്യേക പൂജകളും പ്രാർത്ഥനയും നടത്തി.

ശക്തമായ മഴയ്ക്കിടെ ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി ഭാഗമണ്ഡലത്തിൽ എത്തിയത്. സംസ്ഥാനത്തിന്റെ ക്ഷേമത്തിനും പ്രധാന ജലാശയങ്ങളെല്ലാം നിറഞ്ഞു കവിയുന്നതിനുമായി പ്രാർത്ഥിച്ചതായി ക്ഷേത്രദർശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മടിക്കേരി പ്രാന്തപ്രദേശത്തുള്ള മക്കേരയിലെ സ്വകാര്യ റിസോർട്ടിൽ വെച്ച് നടന്ന എം.എൽ.എ എൻ.എ. ഹാരിസിന്റെ മകൻ മുഹമ്മദ് നളപ്പാടിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കുടകിലെത്തിയത്.

കുടകിലെ തകർന്ന റോഡുകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന്, മുഖ്യമന്ത്രിയെന്ന നിലയിൽ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടേയുള്ളൂ എന്നും വരുംദിവസങ്ങളിൽ ഈ വിഷയം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കനത്ത മഴ മൂലം കുടകിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ആവശ്യമായ ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ചാമരാജനഗറിൽ വെടിവെപ്പിൽ മൂന്ന് നായാട്ടുകാർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന്, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പക്കൽ നിന്ന് കാട്ടുമൃഗങ്ങളുടെ മാംസമടങ്ങിയ രണ്ട് ബാഗുകൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ സംഭവത്തിന് പിന്നിലെ യഥാർത്ഥ വസ്തുത പുറത്തുവരുമെന്നും ഡി.കെ. ശിവകുമാർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts