ബെംഗളൂരു: ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത് മാറ്റ ഡാമൻ നായകനാകുന്ന ‘ദി ഒഡീസി’ (The Odyssey) എന്ന ചിത്രത്തെ ആസ്പദമാക്കി ‘നമ്മ യാത്രി’ പുറത്തിറക്കിയ ഇൻസ്റ്റാഗ്രാം റീൽ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നു. കടലിലെ കൊടുങ്കാറ്റുകളും മിഥ്യാദ്വീപുകളും താണ്ടിയുള്ള ഇതിഹാസ നായകന്റെ കഠിനമായ മടക്കയാത്രയാണ് ചിത്രത്തിന്റെ പ്രമേയമെങ്കിൽ, ബെംഗളൂരുവിലെ ഒരു ഓട്ടോറിക്ഷയുണ്ടെങ്കിൽ ഈ യാത്ര എത്ര എളുപ്പമാക്കാമെന്നാണ് റീൽ സരസമായി കാണിച്ചുതരുന്നത്.
മാറ്റ് ഡാമൻ അവതരിപ്പിക്കുന്ന ഒഡീസിയസ് എന്ന കഥാപാത്രം കടൽത്തീരത്ത് നിന്ന് “എനിക്ക് വീട്ടിൽ പോകാൻ സഹായിക്കൂ” എന്ന് അഭ്യർത്ഥിക്കുന്ന രംഗത്തോടെയാണ് റീൽ ആരംഭിക്കുന്നത്. തൊട്ടടുത്ത നിമിഷം, ഗ്രീക്ക് ശൈലിയിലുള്ള ഹെൽമറ്റ് ധരിച്ച ഒരു ബെംഗളൂരു ഓട്ടോ ഡ്രൈവർ തനത് ബെംഗളൂരു ശൈലിയിൽ മാസ്സ് എൻട്രിയോടെ ഫ്രെയിമിലേക്ക് വരുന്നു. തുടർന്ന് “എന്താടാ ഒഡീസിയസ്… ഞാൻ നിന്നെ വീട്ടിലാക്കാം!” (What raa, Odysseus… I’ll drop you home!) എന്ന് പറയുന്നതാണ് ഈ ക്രോസ്ഓവർ വീഡിയോയുടെ ഹൈലൈറ്റ്.
ഹോളിവുഡ് സിനിമയുടെ പശ്ചാത്തലത്തെ പ്രാദേശിക നർമ്മവുമായി സമർത്ഥമായി സമന്വയിപ്പിച്ചിരിക്കുകയാണ് നമ്മ യാത്രി ഈ വീഡിയോയിലൂടെ. നിങ്ങളുടെ യാത്ര എത്ര വലിയ ഇതിഹാസ തുല്യമാണെങ്കിലും, അതിനൊരു പരിഹാരം കാണാൻ ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാർക്ക് സാധിക്കുമെന്നാണ് ഈ റീൽ തമാശ രൂപേണ ഓർമ്മിപ്പിക്കുന്നത്. ‘ദി ഒഡീസി’ എന്ന ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്ന സമയത്ത് പുറത്തുവന്ന ഈ വീഡിയോ, ആളുകൾക്ക് പെട്ടെന്ന് കണക്റ്റ് ചെയ്യാവുന്നതും രസകരവുമായ ഒന്നായി മാറിയിരിക്കുകയാണ്. പുരാതന ഗ്രീസ് മുതൽ ബെംഗളൂരുവിലെ തെരുവുകൾ വരെ, എല്ലാവരുടെയും ലക്ഷ്യം സുരക്ഷിതമായി വീട്ടിലെത്തുക എന്നതാണെന്നും ബെംഗളൂരുവിലാണ് നിങ്ങളെങ്കിൽ നമ്മ യാത്രി ആ യാത്ര കൂടുതൽ എളുപ്പമാക്കുമെന്നും വീഡിയോയിലൂടെ പങ്കുവെക്കുന്നു.
